ബുഡാപെസ്റ്റ്
മതനേതാക്കള്‍ വിഭജനത്തിന്റെയും വിഭാഗീയതയുടെയും വക്താക്കളാകരുതെന്നും എല്ലാവരെയും ചേര്‍ത്തുപിടിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ 52–ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാര്‍പാപ്പയുടെ പ്രസംഗം കേള്‍ക്കാന്‍ പതിനായിരക്കണക്കിനാളുകളാണ് ഹീറോസ് സ്ക്വയറില്‍ എത്തിയത്.
ദൈവം സൗഹൃദമാണ് ആഗ്രഹിക്കുന്നത്. മതനേതാക്കള്‍ ആ പക്ഷത്ത് അണിനിരക്കണം. സാമൂഹ്യ, മതനേതാക്കളുടെ മുഖമുദ്രയാകേണ്ടത് സമാധാനവും സൗഹൃദവുമാണ്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ ആകണമെന്നും ജൂത വിരുദ്ധതയുടെ അംശങ്ങള്‍ യൂറോപ്പിലെ പല രാജ്യങ്ങളിലും ഇപ്പോഴും തുടരുന്നുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
തീവ്ര ദേശീയവാദിയും ക്രിസ്ത്യന്‍ യൂറോപ്പിനായി വാദിക്കുന്നയാളുമായ ഹംഗറിയിലെ പ്രധാനമന്ത്രി വിക്ടര്‍ ഓര്ബനടക്കമുള്ളവരെ മുന്നില്‍ ഇരുത്തിയായിരുന്നു മാര്‍പാപ്പയുടെ പ്രസംഗം. ഓര്‍ബന്റെ കുടിയേറ്റ വിരുദ്ധ സമീപനത്തോടുള്ള നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നാണ് വിലയിരുത്തലുകള്‍. ഞായർ ഏഴ് മണിക്കൂര്‍ ഹംഗറിയില്‍ ചെലവഴിച്ച മാര്‍പാപ്പ തിങ്കളാഴ്ച സ്ലോവാക്യയിലെത്തി. ജൂലൈയില്‍ നടന്ന കുടല് ശസ്ത്ര ക്രിയക്ക് ശേഷമുള്ള മാര്‍പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.