ജനീവ
മുൻ അഫ്ഗാൻ സുരക്ഷാസേനയിലെ ഉദ്യോഗസ്ഥരെയും സര്‍ക്കാരിന്റെ ഭാഗമായിരുന്നവരെയും താലിബാന് പ്രതികാരനടപടിക്ക് ഇരയാക്കുന്നതായി യുഎൻ മനുഷ്യാവകാശ മേധാവി. തങ്ങള്‍ക്ക് എതിരെന്ന് കരുതുന്നവരെയും കുടുംബാംഗങ്ങളെയും താലിബാന് തടഞ്ഞുവയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിന്റെ വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ച യുഎന്‍ മനുഷ്യാവകാശ കൗൺസിലില്‍ സംസാരിച്ച മിഷേൽ ബാഷ്ലെ പറഞ്ഞു. താലിബാന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലെന്നും അവര്‍ വിമര്‍ശിച്ചു.
രാജ്യത്തിന്റെ പല ഭാഗത്തും ആക്രമണങ്ങളും ഭീഷണികളും വർധിക്കുന്നതായി യുഎൻ ജീവനക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ചില സ്ഥലത്ത് 12 വയസ്സിനു മുകളിലുള്ള പെൺകുട്ടികളെ സ്കൂളിൽനിന്ന് വിലക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുള്ളതായും മിഷേൽ ചൂണ്ടിക്കാട്ടി. അതിനിടെ, പുതിയ താലിബാൻ സർക്കാരിൽ പ്രതീക്ഷയില്ലെന്ന് ഫ്രാൻസിന്റെ വിദേശ മന്ത്രി പറഞ്ഞു.
കൂടുതൽ മിതത്വവും വിശാലവുമായ നേതൃശൈലി വാഗ്ദാനം ചെയ്തെങ്കിലും വാഗ്ദാനം പാലിക്കുന്നതിൽ താലിബാന് പരാജയപ്പെട്ടുവെന്നും ജോയെവ് ലെ ദ്രിയാൻ പറഞ്ഞു.
അഫ്ഗാന് 2 കോടി ഡോളർ അനുവദിക്കുമെന്ന് ഗുട്ടറസ്
അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രവർത്തനങ്ങള്‍ക്കായി യുഎൻ സെൻട്രൽ എമർജൻസി റെസ്പോൺസ് ഫണ്ടിൽ നിന്ന് രണ്ട് കോടി ഡോളർ അനുവദിക്കുമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. അഫ്ഗാൻ ജനതയ്ക്ക് സഹായം എത്തിക്കുമെന്ന് ഉറപ്പുവരുത്താൻ പ്രതിജ്ഞയെടുത്തതായും ജനീവയില്‍ നടന്ന മാനവിക സമ്മേളനത്തില്‍ ഗുട്ടെറസ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹം അവരോടൊപ്പം നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ 1.10 കോടിയോളം ആളുകള്‍ക്ക് ഭക്ഷണം, മരുന്ന്, ആരോഗ്യ സേവനങ്ങൾ, ശുദ്ധജലം എന്നിവ ലഭ്യമാക്കാൻ അടിയന്തരമായി 60.6 കോടി ഡോളർ സമാഹരിക്കാൻ യുഎൻ ഏജൻസികളും സർക്കാരിതര പങ്കാളികളും നീക്കം ആരംഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിന് 20 കോടി യുവാൻ നൽകുമെന്ന് ചൈന അറിയിച്ചു. യുഎസും അന്താരാഷ്ട്ര സമൂഹവും ഇതിന് തയ്യാറാകണമെന്നും ചൈന അഭ്യര്‍ഥിച്ചു.
അതിനിടെ ഖത്തര്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുർ റഹ്മാൻ അൽതാനി ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘം കാബൂളിലെത്തി താലിബാൻ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അഖന്ദുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചശേഷം പാക്കിസ്ഥാന്റെ ആദ്യ വാണിജ്യ വിമാനം കാബൂളിലേക്കെത്തി. – വിദേശ മാധ്യമപ്രവർത്തകരുമായി എത്തിയ പാക് ഇന്റർനാഷണൽ എയർലൈൻ (പിഐഎ) വിമാനം – ലോക ബാങ്ക് ഉദ്യോഗസ്ഥരും അന്താരാഷ്ട്ര മാധ്യമ സംഘടനകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘവുമായി മടങ്ങി.