ന്യൂയോർക്ക്
നൊവാക് ജൊകോവിച്ചിന്റെ എല്ലാം സ്വപ്-നങ്ങളും ഡാനിൽ മെദ്-വെദെവിന്റെ റാക്കറ്റിൽ തട്ടിച്ചിതറി. പുതിയൊരു ഗ്രാൻഡ് സ്ലാം ചാമ്പ്യൻകൂടി ടെന്നീസ് ചരിത്രത്തിൽ പിറന്നു. ഏപക്ഷീയമായ പോരിൽ മെദ്-വെദെവ് ജൊകോയെ കീഴടക്കി യുഎസ് ഓപ്പണിൽ കിരീടം ചൂടി. സ്-കോർ 6–4, 6–4, 6–4.
ലോക ഒന്നാംറാങ്കുകാരനായ ജൊകോവിച്ചിന് കലണ്ടർ ഗ്രാൻസ് സ്ലാമും 21–ാം ഗ്രാൻഡ് സ്ലാമുമായിരുന്നു ലക്ഷ്യം. ഫെെനൽവരെ ഗംഭീരമായി കുതിച്ച സെർബിയക്കാരന് റഷ്യക്കാരൻ മെദ്-വെദെവിനുമുന്നിൽ ഉത്തരമുണ്ടായില്ല. രണ്ടായിരത്തിൽ മരറ്റ് സഫിൻ യുഎസ് ഓപ്പൺ നേടിയശേഷം ആദ്യമായാണ് ഒരു റഷ്യക്കാരൻ കിരീടമുയർത്തുന്നത്.
ഈ വർഷം ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ എന്നിവയിൽ ജൊകോയായിരുന്നു ചാമ്പ്യൻ. ഒരു കിരീടംകൂടി നേടിയിരുന്നെങ്കിൽ കലണ്ടർ ഗ്രാൻഡ് സ്ലാം സ്വന്തമാക്കുന്ന ആറാമത്തെ താരമാകുമായിരുന്നു. 21–ാം ഗ്രാൻഡ് സ്ലാം കിരീടത്തോടെ റോജർ ഫെഡററെയും റാഫേൽ നദാലിനെയും പിന്നിലാക്കാനും കഴിഞ്ഞേനെ.
മെദ്-വെദെവ് ഇതിനുമുമ്പ് രണ്ടുതവണ ഗ്രാൻഡ് സ്ലാം ഫെെനലിൽ കടന്നിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണിൽ ജൊകോവിച്ചാണ് മെദ്-വെദെവിനെ തകർത്തത്. രണ്ട് വർഷംമുമ്പ് യുഎസ് ഓപ്പൺ വേദിയിൽ റാഫേ-ൽ നദാൽ തോൽപ്പിച്ചു. ഇക്കുറി ഒന്നാംറാങ്കുകാരനായ ജൊകോവിച്ചിനെ വീഴ്ത്തി കന്നി ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തമിട്ടു.
കണ്ണീരോടെയാണ് ജൊകോവിച്ച് കളംവിട്ടത്. കാണികളുടെ പിന്തുണ ഈ സെർബിയക്കാരനായിരുന്നു. മുമ്പ് ഫെഡറർക്കെതിരെയും നദാലിനെതിരെയും കളിക്കുമ്പോൾ കാണികൾ ജൊകോവിച്ചിന് നൽകിയത് പ്രതിനായകന്റെ വേഷമായിരുന്നു. ഇക്കുറി ഓരോ റിട്ടേണുകളിലും അവർ ജൊകോയ്-ക്കായി ആർപ്പുവിളിച്ചു. മൂന്നാംസെറ്റിൽ 5–4ന് പിന്നിൽനിൽക്കുമ്പോൾ ജൊകോയ്-ക്കുവേണ്ടി കാണികൾ നിർത്താതെ കെെയടിച്ചു. പക്ഷേ, മുന്നേറാനുള്ള കരുത്ത് മുപ്പത്തിനാലുകാരന് ഉണ്ടായിരുന്നില്ല. പതിവിനു വിപരീതമായി കൂടുതൽ പിഴവുകൾ വരുത്തി. ശാരീരിക മികവിലും പിന്നിലായി.
ഇരുപത്തൊന്നാം ഗ്രാൻഡ് സ്ലാം കിരീടത്തിനായി അടുത്തവർഷം പോരാടേണ്ടിവരും ജൊകോവിച്ചിന്. ആത്മവിശ്വാസത്തോടെയായിരുന്നു മെദ്-വെദെവിന്റെ തുടക്കം. ബേസ്-ലെെനിൽവച്ച് എതിരാളിയുടെ ആക്രമണത്തെ ചെറുത്തു. കരുത്തുറ്റ സെർവുകൾ തൊടുത്തു. അവസാനസെറ്റിൽ മൂന്ന് ഇരട്ടപ്പിഴവുകൾ വരുത്തിയെങ്കിലും തളരാതെ പോരാടി. ടൂർണമെന്റിൽ ഒരു സെറ്റ് മാത്രമാണ് ഇരുപത്തഞ്ചുകാരൻ വിട്ടുനൽകിയത്.
ഭാര്യക്കുള്ള വിവാഹസമ്മാനം എന്നായിരുന്നു കിരീടനേട്ടത്തെക്കുറിച്ചുള്ള റഷ്യക്കാരന്റെ പ്രതികരണം. ചാമ്പ്യൻഷിപ് പോയിന്റ് നേടിയപ്പോൾ ഫിഫ ഫുട്ബോൾ വീഡിയോ ഗെയിമിനെ അനുകരിച്ച് നിലത്തുവീണായിരുന്നു മെദ്-വെദെവിന്റെ വിജയാഘോഷം.