സിയോള്‍
പുതുതായി വികസിപ്പിച്ച ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. പരീക്ഷണം ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു. കടലിന് മുകളിലൂടെ 1500 കിലോമീറ്റര്‍ ദൂരം മിസൈലുകള്‍ സഞ്ചരിച്ചതായും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദൃശ്യങ്ങളും പുറത്തുവിട്ടു. മാർച്ചിൽ രണ്ട് ഹ്രസ്വദുര മിസൈൽ പരീക്ഷിച്ചതിന് ശേഷം ആദ്യ പരീക്ഷണമാണിത്.
യുഎസ് ടോമാഹോക്ക് ക്രൂയിസ് മിസൈലുകളോട് സാദൃശ്യമുള്ള പുതിയ മിസൈല്‍ അയൽരാജ്യങ്ങളുടെ മിസൈൽ പ്രതിരോധത്തെ മറികടക്കാനാകും വിധം രൂപകൽപ്പന ചെയ്തതാണെന്നാണ് വിദഗ്ധർ പറയുന്നത്.
പരീക്ഷണം അയല്‍രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും ഭീഷണിയാണെന്ന് അമേരിക്കയും ജപ്പാനും അഭിപ്രായപ്പെട്ടു. യുഎസ് പ്രത്യേക പ്രതിനിധി സുങ് കിം ചൊവ്വാഴ്ച ടോക്കിയോയിൽ ദക്ഷിണ കൊറിയൻ, ജാപ്പനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പരീക്ഷണം.