മംഗളരു > മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു. കഴിഞ്ഞ ജൂലൈയിൽ വീട്ടിൽ യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
1941 മാര്ച്ച് 27ന് ജനിച്ച അദ്ദേഹം രണ്ട് യുപിഎ മന്ത്രി സഭകളിലും അംഗമായിരുന്നു. ഉപരിതല ഗതാഗതം, തൊഴില്, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചത്. സോണിയ ഗാന്ധിയുടെ വിശ്വസ്തനും രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറിയുമായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായും കര്ണാടക പിസിസി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
1980-ല് ഉഡുപ്പിയില്നിന്നാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്ച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ ഉഡുപ്പിയെ പ്രതിനിധീകരിച്ചു. ബ്ലോസം ഫെര്ണാണ്ടസാണ് ഭാര്യ. രണ്ട് മക്കളുണ്ട്.