കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്ന് തീവ്ര മുസ്ലീം സംഘടനകൾ ഉയർത്തുന്ന പ്രതിഷേധങ്ങളെ സിപിഎമ്മും കോൺഗ്രസും മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാലാ ബിഷപ്പ് പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണെന്നും ബിജെപിയുടെ പൂർണ പിന്തുണ ബിഷപ്പിനുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. വിഷയം കോർ കമ്മിറ്റി ചർച്ചചെയ്തെന്നും, എന്നാൽ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാൻ ബി.ജെ.പി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പ് ഗൗരവമുള്ള ഒരു കാര്യം പറയുമ്പോൾ ഒരു വിഭാഗം അരാജകത്വം കാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നതാണ് വിഷയത്തിൽ ബി.ജെ.പിയുടെ നിലപാട്. പണ്ട് ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ എല്ലാവരും അദ്ദേഹത്തോട് പറഞ്ഞത് ഇനി മിണ്ടരുതെന്നാണ്. ക്രൈസ്തവ സമൂഹത്തിനിടയിൽ ഇത് വലിയ ഭീതിസൃഷ്ടിച്ചിരുന്നു. എന്നാൽ എല്ലാം സഹിച്ച് മിണ്ടാതിരിക്കുന്ന കാലം കഴിഞ്ഞെന്നും സ്വാഭാവിക പ്രതികരണങ്ങളാണ് ക്രൈസ്തവരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിന്റെ വോട്ട് വാങ്ങി തിരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്ക് യാതൊരു മനസാക്ഷിയുമില്ലാതെ അവരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. ജോസ് കെ മാണിയും മാണി സി. കാപ്പനുമെല്ലാം പിന്തുണ പ്രഖ്യാപിക്കുന്നുവെങ്കിലും എന്താണ് ഇവരുടെ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന നിലപാടെന്നും സുരേന്ദ്രൻ ചോദിച്ചു. സംഘപരിവാർ അജണ്ടയാണിതെന്ന് പറഞ്ഞാൽ പിന്നെ ആളുകൾ മിണ്ടുകയില്ലല്ലോയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Content Highlights: K Surendran on Narcotic jihad remark and protests