കാസർകോട്
നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയുടെ പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ കോഴ നൽകിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഉടൻ ചോദ്യംചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് ഈ ആഴ്ച ചോദ്യംചെയ്യുമെന്നാണ് സൂചന. ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാംപ്രതിയാക്കി കേസെടുത്തത്. ബദിയടുക്ക പൊലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പത്രിക പിൻവലിക്കാൻ 15 ലക്ഷം രൂപയും വീടും കർണാടകത്തിൽ വൈൻ ഷോപ്പും വാഗ്ദാനം ചെയ്തുവെന്നും സുന്ദര മൊഴി നൽകിയിരുന്നു. സ്വർഗ വാണി നഗറിലെ വീട്ടിലെത്തിയ ബിജെപി നേതാക്കൾ സുന്ദരയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി പൈവളിഗെ ജോഡ്ക്കല്ലിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തടങ്കലിൽവച്ച് പത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തി. തിരികെ വീട്ടിലെത്തിച്ച നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും കൈമാറി.
മാർച്ച് 22ന് കാസർകോട് താളിപ്പടുപ്പിൽ കെ സുരേന്ദ്രൻ താമസിച്ച ഹോട്ടൽ മുറിയിൽ വച്ചാണ് പത്രിക പിൻവലിപ്പിക്കാനുള്ള അപേക്ഷയിൽ ഒപ്പിടുവിച്ചത്. കാഞ്ഞങ്ങാട് മുൻസിഫ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ സുന്ദരയും അമ്മയും അനുശ്രീയും പൊലീസിൽ നൽകിയ മൊഴി ആവർത്തിച്ചു. കേസിൽ സാക്ഷിമൊഴികൾക്ക് പുറമെ ബിജെപി മുൻ ജില്ലാ പ്രസിഡന്റുമാരായ കെ ബാലകൃഷ്ണ ഷെട്ടി, സുരേഷ്കുമാർ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, സുരേഷ് നായിക്, കെ മണികണ്ഠ റൈ, മുളരീധര യാദവ് എന്നിവരെ ചോദ്യംചെയ്തിരുന്നു. സ്ഥാനാർഥിത്വം പിൻവലിക്കാൻ സുന്ദരയെ ഭീഷണിപ്പെടുത്തിയതിനും തടങ്കലിൽ വച്ചതിനും സുരേന്ദ്രനൊപ്പം ഇവരും പ്രതികളാകുമെന്നാണ് സൂചന.