കൊച്ചി
ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശവുമായി ഒ രാജഗോപാൽ. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും കള്ളപ്പണ ഇടപാടും പാർടിക്ക് പരിഹരിക്കാനാകാത്തവിധം അവമതിപ്പുണ്ടാക്കിയെന്ന് രാജഗോപാൽ പറഞ്ഞതായാണ് സൂചന.
കള്ളപ്പണ ഇടപാടിൽ പ്രതിക്കൂട്ടിലായ സുരേന്ദ്രനെ മാറ്റണമെന്ന നിലപാടിലാണ് കൃഷ്ണദാസ് പക്ഷം. കേന്ദ്ര സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുപകരം ചില നേതാക്കൾ മറ്റ് ലക്ഷ്യങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. കള്ളപ്പണ ഇടപാട് പുറത്തുവന്നതോടെ പാർടിയിൽ കൊഴിഞ്ഞുപോക്ക് വർധിച്ചെന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു.
എറണാകുളത്തുണ്ടായിരുന്നിട്ടും സി കെ പത്മനാഭൻ യോഗത്തിൽ പങ്കെടുക്കാതെ മാറിനിന്നതും ശ്രദ്ധേയമായി. നെടുമ്പാശേരിയിലെ സ്വകാര്യ ഹോട്ടലിൽ ഞായർ പകൽ രണ്ടിന് ആരംഭിച്ച യോഗം രാത്രി ഏറെ വൈകിയാണ് തീർന്നത്. സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും കേന്ദ്രമന്ത്രി വി മുരളീധരൻ പിന്തുണ നൽകുന്നത് എതിർപ്പിനിടയാക്കി. സംഘടനാ വിഷയങ്ങളിൽ മറുപടി പറയേണ്ട കേന്ദ്രനേതാക്കളും യോഗത്തിനെത്തിയില്ല.