കൊച്ചി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) പട്ടികയിൽ സംസ്ഥാനത്തെ സർക്കാർ കോളേജുകൾക്ക് മികച്ച നേട്ടം. ആദ്യ 100 റാങ്കിൽ സംസ്ഥാനത്തെ ആറ് സർക്കാർ കോളേജുകളാണ് ഇടംപിടിച്ചിരിക്കുന്നത്.
ദേശീയതലത്തിൽ 59.58 പോയിന്റോടെ 25––ാംറാങ്ക് നേടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് സംസ്ഥാനതലത്തിൽ ഒന്നാമത്. കഴിഞ്ഞവർഷം 23––ാംറാങ്ക് ആയിരുന്നു. തിരുവനന്തപുരം ഗവ. വിമെൻസ് കോളേജ് 55.62 പോയിന്റോടെ 46––ാംസ്ഥാനത്താണ്. കാസർകോട് ഗവ. കോളേജ് 51.84 പോയിന്റ് നേടി 82––ാംറാങ്കും എറണാകുളം മഹാരാജാസ് കോളേജ് 51.53 പോയിന്റോടെ 92––ാംറാങ്കും കണ്ണൂർ ഗവ. ബ്രണ്ണൻ കോളേജ് 50.58 പോയിന്റോടെ 97–-ാംറാങ്കും പാലക്കാട് ഗവ. വിക്ടോറിയ കോളേജ് 50.37 പോയിന്റോടെ 99––ാംറാങ്കും നേടി.
കണ്ണൂർ ഗവ. ബ്രണ്ണൻ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവയാണ് പുതുതായി പട്ടികയിലേക്കെത്തിയ സർക്കാർ കലാലയങ്ങൾ. കഴിഞ്ഞതവണ 98––ാംറാങ്ക് നേടിയ തിരുവനന്തപുരം ഗവ. ആർട്സ് കോളേജിന് ഇത്തവണ ആദ്യ നൂറിലെത്താനായില്ല.