ചേർത്തല
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 84–-ാം പിറന്നാൾ ആഘോഷിച്ചു. കോവിഡ് സാഹചര്യത്തിൽ ലളിതമായിരുന്നു ചടങ്ങുകൾ. ഭാര്യ പ്രീതി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കർണാടക ഉപമുഖ്യമന്ത്രി അശ്വൻ നാരായണൻ, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, സംസ്ഥാന മന്ത്രിമാർ തുടങ്ങിയ പ്രമുഖർ ഫോണിൽ ആശംസ അറിയിച്ചു.
സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, എ എം ആരിഫ് എംപി, പി പി ചിത്തരഞ്ജൻ എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയവർ വീട്ടിലെത്തി ആശംസ അറിയിച്ചു.
ജന്മദിനത്തിൽ വെള്ളാപ്പള്ളിക്ക് സംഘപരിവാർ സൈബറാക്രമണം
ചേർത്തല
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിറന്നാൾ ദിനത്തിൽ സംഘപരിവാറിന്റെ സൈബറാക്രമണം. ജന്മദിനാശംസ നേർന്ന ബിജെപി വക്താവ് സന്ദീപ് വാചസ്പതിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന് ചുവടെയാണ് അതിരൂക്ഷ അധിക്ഷേപം. മകൻ തുഷാർ വെള്ളാപ്പള്ളിയെയും അദ്ദേഹം ചെയർമാനായ ബിഡിജെഎസിനെയും അധിക്ഷേപിക്കുന്നുണ്ട്. വെള്ളാപ്പള്ളി 84–ാം പിറന്നാൾ ആഘോഷിച്ച ഞായറാഴ്ച രാവിലെയാണ് ഫെയ്സ് ബുക്ക് പേജിൽ സന്ദീപ് പോസ്റ്റിട്ടത്. പിന്നാലെ സംഘപരിവാർ കടന്നാക്രമണം തുടങ്ങി. വ്യക്തിഹത്യയും ചീത്തവിളിയും നിറഞ്ഞ നൂറുകണക്കിന് പ്രതികരണങ്ങളാണ് പോസ്റ്റിലുള്ളത്. നീചപരാമർശങ്ങളും നിരവധി.
ലൗജിഹാദ്, നർകോട്ടിക് ജിഹാദ് വിഷയങ്ങളിൽ പ്രതികരിക്കാത്തതിലും അധിക്ഷേപിക്കുന്നുണ്ട്. ബിഡിജെഎസുമായി ചേർന്നതാണ് ബിജെപിയുടെ തകർച്ചയ്ക്ക് കാരണമെന്നും ചിലർ വാദിക്കുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും ചിലർ വെറുതെവിട്ടില്ല. വെള്ളാപ്പള്ളിയും സുകുമാരൻ നായരും ഒരുപോലെ ഹിന്ദുവിരുദ്ധരെന്നാണ് ആക്ഷേപം. സന്ദീപ് ഉൾപ്പെടെ ബിജെപി നേതാക്കളാരും ഇതിൽ പ്രതികരിച്ചിട്ടില്ല.