മങ്കട > രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസിൽ ബന്ധു അറസ്റ്റിൽ. രാമപുരം ബ്ലോക്കുപടി മുട്ടത്തിൽ ആയിഷ(70)യെ കൊലപ്പെടുത്തിയ കേസിലാണ് മമ്പാട് സ്വദേശി നിഷാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആയിഷയുടെ പേരമകളുടെ ഭർത്താവായ ഇയാൾ കവർച്ച ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജൂലായ് 16-നാണ് ആയിഷയെ വീട്ടിലെ ശുചിമുറിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ആയിഷയുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഒറ്റയ്ക്കുതാമസിക്കുന്ന ആയിഷ പകൽ സ്വന്തംവീട്ടിലും രാത്രി സമീപത്തെ മകന്റെ വീട്ടിലുമാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം പേരക്കുട്ടികൾ വിളിക്കാനെത്തിയപ്പോഴാണ് രക്തംവാർന്ന് ശുചിമുറിയിൽ ആയിഷയെ കണ്ടത്. ഉടനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് വ്യക്തമായി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ പൊലീസിനെതിരേ പ്രതിഷേധവും ഉയർന്നു. ഇതിനിടെയാണ് ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിഷാദ് അലി പിടിയിലാകുന്നത്.
ആയിഷയുടെ പേരമകളുടെ ഭർത്താവായ നിഷാദ് അലിയെ കഴിഞ്ഞദിവസം കോഴിക്കോട്ടുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് അന്വേഷണം തന്നിലേക്ക് നീണ്ടതോടെ ഇയാൾ ഒളിവിൽപോവുകയായിരുന്നു. എം എസ് സി. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ നിഷാദ് അലി സ്വകാര്യ സ്ഥാപനത്തിൽ ഐ ടി അധ്യാപകനായി ജോലിചെയ്തുവരികയായിരുന്നു. ഇയാൾക്ക് ലക്ഷങ്ങളുടെ കടബാധ്യതകളുമുണ്ട്. ഇത് തീർക്കാൻ വേണ്ടിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന ആയിഷയുടെ വീട്ടിൽ കവർച്ച നടത്താൻ ലക്ഷ്യമിട്ടതും കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
ആയിഷ കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയില്ലെന്നാരോപിച്ച് നാട്ടുകാർ കഴിഞ്ഞയാഴ്ച കർമസമിതി രൂപവത്കരിച്ചിരുന്നു. സമിതിയുടെ സമ്പൂർണ യോഗം ഞായറാഴ്ച നടക്കാനിരിക്കെയാണ് പ്രതി വലയിലായെന്ന വിവരം പുറത്തുവരുന്നത്.