തിരുവനന്തപുരം
സംസ്ഥാനം നടത്തുന്ന സിറോ പ്രിവലൻസ് സർവേക്ക് സാമ്പിളെടുത്തു തുടങ്ങി. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത വിഭാഗങ്ങളിൽനിന്നാണ് സാമ്പിൾ ശേഖരിക്കുന്നത്. എത്രശതമാനം പേർ രോഗികളായി, എത്രപേർക്ക് ഇനി രോഗം വരാം തുടങ്ങിയവ കണ്ടെത്തുന്നതിനാണ് സർവേ.
രാജ്യത്ത് ഐസിഎംആർ ആണ് സിറോ പ്രിവലൻസ് സർവേ നടത്തിയിരുന്നത്. ഇതുവരെ നാലെണ്ണം കഴിഞ്ഞു. സംസ്ഥാനങ്ങൾ സ്വന്തംനിലയിൽ സർവേ നടത്തണമെന്ന് കേന്ദ്ര നിർദേശമുണ്ടായിരുന്നു. ആഗസ്ത് അവസാനം സർവേക്ക് അനുമതി നൽകി സംസ്ഥാന സർക്കാരും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
അഞ്ചുമുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ, 18 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ എന്നിവരിൽനിന്നാണ് സാമ്പിൾ ശേഖരിക്കുന്നത്. പതിനെട്ടിന് മുകളിലുള്ള ആദിവാസികൾ, തീരപ്രദേശങ്ങളിലുള്ളവർ, നഗരസഭാ പരിധിയിലെ ചേരികളിൽ കഴിയുന്നവർ എന്നിവരിൽനിന്ന് പ്രത്യേകമായി സാമ്പിളെടുക്കും.
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലും എറണാകുളം, കോഴിക്കോട് റീജ്യണൽ ഹെൽത്ത് ലാബുകളിലുമാണ് പരിശോധന. രക്തത്തിലെ ഇമ്യൂണോഗ്ലോബുലിൻ ജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയാണ് പഠനം. രണ്ടാഴ്ചയ്ക്കുള്ളിൽ സർവേ റിപ്പോർട്ട് തയ്യാറാക്കുകയാണ് ലക്ഷ്യം.