തിരുവനന്തപുരം
മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിതരായവരിൽ 95 ശതമാനത്തിലധികം പേരും വാക്സിൻ എടുക്കാത്തവർ. ആദ്യഡോസ് മാത്രമെടുത്ത ആറ് ശതമാനംപേരും രണ്ടാം ഡോസ് സ്വീകരിച്ച 3.60 ശതമാനം പേരും ഇക്കാലയളവിൽ രോഗികളായി.
രോഗബാധ തടയാൻ വാക്സിൻ വഴി ലഭിക്കുന്ന രോഗപ്രതിരോധശേഷി ഫലപ്രദമാണ്. അതേസമയം, വാക്സിൻ എടുത്തവരിലും കുറഞ്ഞ അളവിൽ രോഗംബാധിക്കാമെന്നും കണക്ക് സൂചിപ്പിക്കുന്നു. അനുബന്ധ രോഗം ഉള്ളവർ രോഗം വരാതിരിക്കാൻ മുൻകരുതലെടുക്കണം.
വാക്സിൻ എടുത്തവരിൽ, രോഗലക്ഷണമുള്ളവർമാത്രം ഡോക്ടറെ സമീപിച്ചാൽ മതി. വാക്സിനെടുക്കാത്തവർ, രോഗലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. അടിയന്തര ആവശ്യത്തിനുമാത്രമാണ് നിലവിൽ ആന്റിജൻ പരിശോധന നടത്തുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കോവിഡ് പോസിറ്റീവായ ആളുകൾ ആർടിപിസിആർ പരിശോധന നടത്തേണ്ടതില്ല. വീട്ടുനിരീക്ഷണത്തിലുള്ള കോവിഡ് പോസിറ്റീവായ യുവജനങ്ങൾ പ്രമേഹം പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.