ദുബായ്: ഐപിഎൽ രണ്ടാം ഘട്ട മത്സരങ്ങൾക്കായി മുംബൈ ഇന്ത്യൻസ് താരങ്ങളായ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവർ അബുദാബിയിൽ എത്തി. ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റ് മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ മുംബൈ മാനേജ്‍മെന്റ് ഒരുക്കിയ സ്വകാര്യ ചാർട്ടേഡ് വിമാനത്തിലാണ് മൂന്ന് താരങ്ങളും കുടുംബത്തോടൊപ്പം അബുദാബിയിൽ എത്തിയത്.
ഇന്ന് രാവിലെ ആറ് മണിക്ക് അബുദാബിയിൽ എത്തിയ താരങ്ങൾ ആറ് ദിവസത്തെ ക്വാറന്റൈന് ശേഷം ടീമിനൊപ്പം ചേരും. ഇംഗ്ലണ്ടിൽ വെച്ച് നടത്തിയ ആർടി പിസിആർ ഫലം നെഗറ്റീവ് ആയ ശേഷമാണ് താരങ്ങൾ യാത്ര ചെയ്‌തത്. അബുദാബിയിൽ എത്തിയ ശേഷവും മൂവരും ആർടി പിസിആർ പരിശോധനക്ക് വിധേയരായി.
റിപ്പോർട്ടുകൾ അനുസരിച്ച്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും വിരാട് കോഹ്ലി, മുഹമ്മദ് സിറാജ് എന്നീ താരങ്ങൾക്കായി മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതിനാൽ സെപ്റ്റംബർ 15ന് ബിസിസിഐ ഒരുക്കിയിരുന്ന ചാർട്ടേഡ് ഫ്ലൈറ്റ് ഒഴിവാക്കിയതോടെ സിഎസ്‌കെയും പഞ്ചാബ് കിങ്‌സും താരങ്ങൾക്കായി വ്യക്തിഗത യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി വെള്ളിയാഴ്ച റിപ്പോർട്ട് വന്നിരുന്നു.
ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര, ശാർദുൽ താക്കൂർ, മൊയീൻ അലി, സാം കുറാൻ എന്നിവരും ഇംഗ്ലണ്ടിലാണ്. ഇന്ത്യൻ ടീമിൽ കോവിഡ് സ്ഥിരീകരിക്കുന്നതിനു മുൻപ് രണ്ടു ടീമിലെയും താരങ്ങളെ ബബിൾ ടു ബബിൾ ട്രാൻസ്ഫർ ചെയ്യാനാണ് സിഎസ്കെ തീരുമാനിച്ചിരുന്നത്.
ചാർട്ടേഡ് ഫ്ലൈറ്റ് ഇനി ഒരു സാധ്യതമല്ല. നാളത്തേക്ക് അവർക്ക് കൊമേർഷ്യൽ വിമാന ടിക്കറ്റുകൾ ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അവർ എത്തിക്കഴിഞ്ഞ് മറ്റു കളിക്കാരെപ്പോലെ ആറ് ദിവസത്തെ ക്വാറന്റൈനിൽ പോകും,” സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ പിടിഐയോട് പറഞ്ഞു.
Also read: ശാസ്ത്രിയും ധോണിയും തമ്മില്‍ വിയോജിപ്പ് ഉണ്ടാകരുതെന്നാണ് പ്രാര്‍ത്ഥന: ഗവാസ്കര്‍
The post മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചതിനു പിന്നാലെ താരങ്ങളെ യൂഎഇയിൽ എത്തിച്ച് മുംബൈ ഇന്ത്യൻസ് appeared first on Indian Express Malayalam.