കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഒരു സൂപ്പർ ഹീറോ പരിവേഷമാണ് വാക്സിനേഷനു കൽപ്പിച്ച് നൽകിയിട്ടുള്ളത്. ഇന്ത്യയിൽ ജനുവരി 16ന് ആരംഭിച്ചവാക്സിനേഷൻ ഇന്ന്72 കോടി പിന്നിട്ടിരിക്കുന്നു. എന്നാൽ കോവിഡ് വാക്സിനേഷനോട്വിമുഖത കാണിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. ആയിരക്കണക്കിനാളുകളാണ് ഇത്തരത്തിൽ വാക്സിനെടുക്കാതെ മാറിനിൽക്കുന്നത്.
യഥാർഥത്തിൽ വാക്സിനുകളോട് മുഖംതിരിഞ്ഞ് നിൽക്കുന്നവർ ധീരൻമാരോ അതോ വിഡ്ഢികളുടെ സ്വർഗത്തിൽ ജീവിക്കുന്നവരോ? ഈ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയുക്ത സംസ്ഥാന പ്രസിഡന്റ് സുൽഫി നൂഹ്.
വാക്സിനെടുക്കേണ്ടതിന്റെ ആവശ്യകത
വാക്സിൻ എടുക്കാതിരിക്കുന്നത് ഒരിക്കലും ധീരതയല്ലെന്ന് മാത്രമല്ല അതൊരുആത്മഹത്യാശ്രമമാണ്എന്നു മാത്രമേ പറയാൻ കഴിയുകയുള്ളൂ. കോവിഡ് 19 പ്രതിരോധ വാക്സിൻ മാത്രമല്ല ഏതൊരു വാക്സിന്റെ കാര്യമെടുത്താലും അത് അങ്ങനെയാണ്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതും അംഗവൈകല്യങ്ങളുണ്ടാകാതെ രക്ഷിച്ചതും വാക്സിനുകളുടെ കണ്ടുപിടിത്തമാണ്.
കോവിഡിന്റെ കാര്യത്തിലേക്ക് വന്നാൽ കേരളത്തിന്റെ കാര്യത്തിൽ മാത്രമല്ല ലോകത്ത് ഏത് രാജ്യത്തെ ഡാറ്റ പരിശോധിച്ചാലും- അത് അമേരിക്ക, ഫ്രാൻസ്, ഇറ്റലി ജർമനി, ബ്രിട്ടൻ എന്നിങ്ങനെ ഏതു രാജ്യവുമായിക്കോട്ടെ- വാക്സിനെടുത്തവരിൽ തന്നെയാണ് ജീവൻ രക്ഷപ്പെട്ടതിൽ കൂടുതലും. വെന്റിലേറ്ററിൽ പ്രവേശിക്കപ്പെട്ടു മരിച്ചവരുടെ എണ്ണം നോക്കിയാൽ അതിൽ തന്നെ വലിയൊരു വിഭാഗം വാക്സിനെടുക്കാത്തവരാണ്.
വാക്സിനുകൾക്കെതിരായ പ്രചാരണം
സമൂഹമാധ്യമങ്ങളിലുൾപ്പെടെ വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾ സജീവമാണ്. എല്ലാ മരുന്നുകൾക്കും സൈഡ് ഇഫക്ട് ഉള്ളതുപോലെ വാക്സിനുകൾക്കും സൈഡ് ഇഫക്ട് ഉണ്ട്. ഇഫക്ട് ഉള്ളതുകൊണ്ടാണ് സൈഡ് ഇഫക്ട് ഉണ്ടാകുന്നത്. സൈഡ് ഇഫക്ട് ഉള്ളതുകൊണ്ടാണ് ഇഫക്ട് ഉള്ളത്. ഇത് രണ്ടും ഒരുമിച്ച് പോകുന്ന കാര്യങ്ങളാണ്. വാക്സിനുകൾക്ക് ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഗുണവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറച്ച് പാർശ്വഫലങ്ങളാണുള്ളത്.
ആശങ്കയുടെ കാരണം വാക്സിൻ വേഗത്തിലെത്തിയതോ?
ആളുകളുടെ ഇടയിൽ എന്ന് മാത്രമല്ല ചില ആരോഗ്യപ്രവർത്തകരിൽ പോലും ആശങ്കയുണ്ടാക്കിയത് വേഗത്തിൽ വാക്സിൻ ലഭ്യമായതാണ്. എന്നാൽ വേഗത്തിൽ വാക്സിൻ എത്തിയതിൽ ആശങ്കയുണ്ടാകേണ്ട കാര്യമില്ല. ചുരുങ്ങിയ കാലം എന്ന് പറയുമ്പോൾ കാണേണ്ടത് നമ്മുടെ ലോകത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖല കൈവരിച്ചിരിക്കുന്ന വേഗതയും പുരോഗതിയുമാണ്. ലോകമെമ്പാടുമുള്ള ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ 24*7 വാക്സിനുവേണ്ടിയുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടു എന്നതാണ്
എയ്ഡ്സ് പോലുള്ള രോഗങ്ങൾക്ക് വാക്സിൻ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അത് പരാജയമായിരുന്നു. എന്നാൽ കോവിഡ് മഹാമാരിയുടെ കാര്യത്തിലേക്ക് വന്നാൽ ലോകം മുഴുവൻ അടിയന്തരമായി ഒരുപോലെ പരിഗണിച്ച മറ്റൊരു വിഷയം ഇല്ല. പെട്ടെന്ന് വാക്സിൻ കണ്ടെത്തി എന്ന് പറയുമ്പോൾ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചത് കാണാതിരിക്കരുത്.
വാക്സിനോടുള്ള വിമുഖതആത്മഹത്യാപരമാകുന്നത് എങ്ങനെ?
ലോകത്താകമാനം നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് കോവിഡ് വാക്സിനുകൾ മരണനിരക്ക് കുറയ്ക്കുന്നുവെന്നതാണ്. അതുകൊണ്ട് തന്നെയാണ് വാക്സിൻ സ്വീകരിക്കേണ്ടത് അത്യാവശ്യവും വിമുഖത കാണിക്കുന്നത് ആത്മഹത്യാപരവുമാണ് എന്ന്പറയേണ്ടി വരുന്നത്. പ്രത്യേകിച്ച് 40ന് മുകളിൽ പ്രായമുള്ളവരും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും വാക്സിനെടുക്കാതിരിക്കുന്നത് ആത്മഹത്യാപരമാണ്.
കേരളത്തിൽ തന്നെ നോക്കിയാൽ വെന്റിലേറ്ററുകളിൽ കിടക്കുന്ന രോഗികൾ തീർച്ചയായും വാക്സിനേഷൻ ചെയ്യാത്തവരാണ്. അപൂർവമായി മാത്രമാണ് വാക്സിനെടുത്തിട്ടും ആരോഗ്യനില ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റേണ്ട അവസ്ഥയിലെത്തുന്നത്. ഇവർക്ക് ക്യാൻസർ പോലുള്ള മാരക അസുഖങ്ങളുള്ളവരായിരിക്കും എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
കോവിഡ് ഇതര വാക്സിനുകൾക്കെതിരേയും പ്രചാരണങ്ങൾ
പെന്റാവാലെന്റ് വാക്സിൻ, എം.ആർ വാക്സിൻ എന്നിവയ്ക്കെതിരെയും പ്രചാരണങ്ങൾ സജീവമായിരുന്നു. മുസ്ലീങ്ങളെ കൊന്നൊടുക്കാനുള്ള വാക്സിൻ എന്ന നിലയിൽ വർഗീയ പരിവേഷം വരെ നൽകിയിട്ടുണ്ട്. അതുപോലെ തന്നെ പന്നിയുടെ അംശം കലർന്നിട്ടുണ്ട് എന്ന് പോലും പ്രചാരണങ്ങൾ നടന്നിരുന്നു. പോളിയോ വാക്സിനേഷനിൽ ഉൾപ്പെടെ നിരവധി വ്യാജപ്രചാരണമുണ്ടായിരുന്നു.
പണ്ടൊക്കെ പോളിയോ വാർഡുകളും അവിടങ്ങളിൽ നിറയെ രോഗികളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അംഗവൈകല്യമുള്ള രോഗികളെ കാണാനില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. വില്ലൻചുമ പോലുള്ള അസുഖങ്ങൾ ഇപ്പോൾ ഇല്ലെന്ന് തന്നെ പറയാം. ഈ നേട്ടങ്ങളെല്ലാം വാക്സിനേഷനുകളിലൂടെയാണ് കൈവരിച്ചത്.
നമ്മുടെ നാട്ടിൽ മാത്രമല്ല ഇത്തരം വ്യാജപ്രചാരണം നടക്കുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പോലും ഇത്തരം പ്രചാരണങ്ങൾ സജീവമാണ്. എന്നാൽ അവരെ പരിഗണിക്കുകയോ കേൾക്കുകയോ ചെയ്യാതെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ നമ്മുടെ നാട്ടിൽ ഇവർക്ക് അനാവശ്യ പരിഗണന കിട്ടുന്നുണ്ട് എന്ന് കാണാൻ കഴിയും. ഇപ്പോൾ നമ്മുടെ നാട്ടിലും ഇത്തരക്കാരെ അവഗണിക്കുന്ന പ്രവണത കാണാൻ കഴിയും. കൂടുതൽ ബോധവത്കരണം നടത്തുക എന്നതാണ് അധികൃതർക്ക് ചെയ്യാൻ കഴിയുന്നത്.
Content Highlights: DR Sulfi Nooh on campaign against Covid vaccination