കോഴിക്കോട്: നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരൻ മരിച്ച സംഭവം ഉണ്ടാക്കിയ ആശങ്ക പൂർണമായും ഒഴിയുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചെറിയ ലക്ഷണമുള്ളവരുടെ സാംപിളുകൾ പോലും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുന്നുണ്ട്. പക്ഷെ ഇതുവരെ വന്ന സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും ഇത് വലിയ ആശ്വാസമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആശങ്ക ഒഴിഞ്ഞെങ്കിലും ജില്ലയിൽകൊണ്ടുവന്ന നിയന്ത്രണങ്ങൾ തുടരും. ആദ്യ ദിനം കോഴിക്കോട് താലൂക്കിൽ 48 മണിക്കൂർ വാക്സിനേഷൻ നടപടികൾ നിർത്തിവെച്ചെങ്കിലും ഇത് വീണ്ടും തുടങ്ങിയിട്ടുണ്ട്. രോഗ ബാധിത പ്രദേശങ്ങളിൽ മൊബൈൽ ലാബുകൾ സജ്ജീകരിച്ച് വാക്സിനേഷൻ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എൻ.ഐ.വിയിൽ നിന്നുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അതീവ ജാഗ്രത തുടരുകയാണ്. നിപ ബാധയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ലാബിൽ നേരിയ ലക്ഷണവുമായി വരുന്ന മറ്റുള്ളവരേയും പരിശോധിക്കുന്നുണ്ട്. ആർക്കും ഇതുവരെ പ്രശ്നങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.