തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ സിലബസിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാലയുടെ നടപടിയെ അദ്ദേഹം ന്യായീകരിച്ചു. വ്യത്യസ്തമായ ആശയങ്ങൾ പഠനവിധേയമാക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യത്തിൽ അടിയുറച്ചതാണ് ഇന്ത്യയുടെ സംസ്കാരമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. എല്ലാ തരത്തിലുള്ള ചിന്തകളെയും പഠനവിധേയമാക്കാൻ വിദ്യാർഥികൾക്ക് അവസരമുണ്ടാകണം. എങ്കിലേ അവരുടെ ചിന്താശേഷി വികസിക്കുകയും അവർ നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ. അത്തരം നവീന ആശയങ്ങളുള്ളവർക്കേ ലോകത്തിന്റെ പുരോഗതിയിൽ സംഭാവനകൾ നൽകാനാകൂ. ഇത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്.
അസഹിഷ്ണുത പ്രകടിപ്പിക്കുന്നവർ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നം. ഏത് ആശയവും പഠനവിധേമാക്കിയാൽ മാത്രമേ കൂടുതൽ സൃഷ്ടിപരമായ ചിന്തകൾ ഉണ്ടാകൂ. കാര്യങ്ങൾ പഠിച്ചതിനുശേഷം എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പുകൾ ഉണ്ടെങ്കിൽ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാലയിലെ എം.എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഭാഗത്ത് ഗോൾവാൾക്കർ അടക്കമുള്ളവരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. സർവകലാശാലാ പാഠ്യപദ്ധതി കാവിവത്കരിക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്നാണ് പ്രതിപക്ഷം അടക്കമുള്ളവർ ആരോപിക്കുന്നത്.
കഴിഞ്ഞവർഷമാണ് ബ്രണ്ണൻ കോളേജിൽ എം.എ. ഗവേണൻസ് എന്ന പുതിയ കോഴ്സ് തുടങ്ങിയത്. അതിൽ ഈവർഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിൽ ചർച്ചചെയ്തു പഠിക്കാൻ നിർദേശിച്ചതിൽ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്.
വിഷയം വിവാദമായ സാഹചര്യത്തിൽ, ഇതേക്കുറിച്ച് പഠിച്ച് മാറ്റം നിർദേശിക്കാൻ രണ്ടംഗ വിദഗ്ധസമിതിയെ നിയോഗിച്ചതായി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.
കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സർവകലാശാലയിലെ റിട്ട. പ്രൊഫസർ ഡോ. കെ.വി.പവിത്രൻ എന്നിവരാണ് സമിതിയംഗങ്ങൾ. അഞ്ചുദിവസത്തിനകം ഇവരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിലബസ് മരവിപ്പിക്കുന്നില്ലെന്നും സമിതിയുടെ നിർദേശമനുസരിച്ച് മാറ്റംവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights:governor arif mohammad khan reacts on kannur university syllabus controversy