പത്തനംതിട്ട > നിപയില് ആശ്വാസകരമായ സാഹചര്യമാണ് നിലവിലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ഇതുവരെ പരിശോധിച്ച സാമ്പിളുകള് എല്ലാം നെഗറ്റീവാണ്. അതീവജാഗ്രതയോടെയുള്ള പ്രവര്ത്തനങ്ങള് തുടരുന്നുണ്ട്. ഉറവിടം കണ്ടെത്തുന്നതിനായി പൂനെ എന്ഐവിയില് നിന്നുള്ള സംഘം എത്തി ആദ്യ സാമ്പിളുകള് ശേഖരിച്ചുവെന്നും മന്ത്രി പത്തനംതിട്ടയില് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
സമ്പര്ക്കപ്പട്ടികയിലെ അതീവ അപകടസാധ്യതയുള്ളവര് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷന് വാര്ഡിലാണ്. കണ്ടെയ്്ന്മെന്റ് സോണ് വരുന്ന എല്ലാ വാര്ഡുകളിലും ഹൗസ് ടു ഹൗസ് സര്വേ പൂര്ത്തിയായി. അസ്വഭാവികമായ മരണങ്ങളോ പനിയോ ഒന്നും പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നത് ആശ്വാസ്യകരമാണ്.
94 പേര്ക്ക് പനിയുടെ ലക്ഷണങ്ങള് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇവര്ക്ക് ആര്ക്കും സമ്പര്ക്കപട്ടികയുമായി ബന്ധമില്ല. ആരുടെയും ആരോഗ്യസ്ഥിതിയും മോശമല്ല. കോവിഡിന്റെയും നിപായുടെയും പരിശോധനകള് ഇവരുടെ സാമ്പിളുകളില് നടത്തുന്നുണ്ട്. കണ്ടെയ്ന്മെന്റ് സോണിനുള്ളില് മൊബൈല് ലാബുകള് സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്.
ആരോഗ്യവകുപ്പ് ആരംഭിച്ച സിറോ സര്വേ സെപ്തംബര് അനസാനത്തോടെ പൂര്ത്തിയാകും. സ്കൂള് തുറക്കുന്നതടക്കമുള്ള കാര്യങ്ങള് അതിനുശേഷം ആലോചിച്ചാകും തീരുമാനിക്കുകയെന്നും മന്ത്രി അറിയിച്ചു.