കൊച്ചി: പാലാ ബിഷപ്പ്നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശം ഈ കാലഘട്ടത്തിന് ചേർന്നതല്ലെന്ന് കോൺഗ്രസ് നേതാവ് പി.ടി. തോമസ്. പാലാ ബിഷപ്പിനേപ്പൊലെ ഒരാൾ പറയാൻ പാടില്ലാത്തതാണ് അതെന്നും മതതീവ്രവാദത്തിന് ഇന്ധനം പകരുന്ന നടപടികൾക്കെതിരേയുള്ള നിലപാടുകളാണ് ഇന്ന് ഉണ്ടാകേണ്ടതെന്നും പിടി തോമസ് പറഞ്ഞു.
മതസൗഹാർദം വളർത്താനോ ഊട്ടിയുറപ്പിക്കാനോ ഉതകുന്ന പ്രസ്താവനകളാണ് എല്ലാ തലങ്ങളിലും ഇന്ന് ഉണ്ടാകേണ്ടത്. എന്നാൽ, ബിഷപ്പിന്റെപരാമർശം വളരെ ഖേദകരമാണ്. അത് കേരളത്തിന്റെ സാമുദായിക സൗഹാർദത്തെ ആഴത്തിൽ മുറിവേൽപ്പിക്കാൻ ഇടയുള്ള ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വർത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ. ജാതി- മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നത് ആധുനിക കാലഘട്ടത്തിൽ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണ്. എന്നും മതസൗഹാർദ്ദം പുലർത്തിപ്പോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുതെന്നും അദ്ദേഹം പറഞ്ഞു.
ആയുധം കൊണ്ട് കീഴടക്കാൻ കഴിയാത്തിടത്ത് ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും പോലുള്ളവ സജീവമാണെന്നും കേരളത്തിൽ ഇതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കള്ളറങ്ങാട്ടിന്റെ പ്രസ്താവന. കത്തോലിക്ക കുടുംബങ്ങൾ ഇത്തരം സംഘങ്ങളെ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
Content Highlights:Bishops statement deeply hurts communal harmony- P.T. Thomas