ന്യൂഡല്‍ഹി. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി എത്തുന്ന മുന്‍ നായകന്‍ എം.എസ്. ധോണിയും മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവരുതെന്ന് പ്രാര്‍ത്ഥിക്കുന്നതായി സുനില്‍ ഗവാസ്കര്‍. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അത് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കുമെന്ന് ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്കര്‍ പറഞ്ഞു.
“ടീം തിരഞ്ഞെടുപ്പിലോ തന്ത്രങ്ങളിലോ ശാസ്ത്രിയും ധോണിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായാല്‍ അത് പ്രതിഫലിക്കുക ഇന്ത്യയുടെ പ്രകടനത്തിലായിരിക്കും. അങ്ങനെ ഒന്നും സംഭവിക്കരുതെന്നാണ് പ്രാര്‍ത്ഥന. ഇരുവര്‍ക്കും ഒരേ ദിശയില്‍ പോകാന്‍ സാധിക്കുകയാണെങ്കിലും അത് ടീമിന് വലിയ രീതിയില്‍ ഗുണം ചെയ്തേക്കും,” ഗവാസ്കര്‍ വ്യക്തമാക്കി.
ധോണി പരിശീലകനായി വരുന്നതിന്റെ സൂചനയാണോ പുതിയ ചുമതലയെന്ന ചോദ്യങ്ങള്‍ക്കും ഗവാസ്കര്‍ മറുപടി നല്‍കി. “ഉപദേശകനായി എത്തുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ പരിശീലക സ്ഥാനത്തേക്ക് ഒരു താരം വരികയാണെങ്കില്‍ അത് വിരമിച്ചതിന് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കണം. അതാണ് ഉത്തമമെന്ന് തോന്നുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“നിങ്ങള്‍ ടീമിന്റെ ഡ്രസിങ് റൂമിന്റെ ഭാഗമായിരുന്നു. പല താരങ്ങള്‍ക്കും നിങ്ങളോട് വിയോജിപ്പുണ്ടാകാം. വിരമിച്ച ഒരു താരം പെട്ടെന്ന് പരിശീലക വേഷത്തിലെത്തുമ്പോള്‍ പണ്ട് താനുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവരോട് എങ്ങനെ പെരുമാറുമെന്ന് നമുക്ക് പറയാന്‍ സാധിക്കുകയില്ല. അതുകൊണ്ടാണ് രണ്ട്, മൂന്ന് വര്‍ഷത്തിന് ശേഷം പരിശീലക കുപ്പായമണിയുന്നതാണ് നല്ലതെന്ന് പറഞ്ഞത്,” ഗവാസ്കര്‍ കാരണം ചൂണ്ടിക്കാണിച്ചു.
ധോണിയെ ഉപദേശകനായി നിയമിച്ച ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യയുടെ (ബിസിസിഐ) തീരുമാനത്തെ ഗവാസ്കര്‍ പിന്തുണച്ചു. “രണ്ട് ലോകകപ്പുകള്‍ ഇന്ത്യക്ക് നേടിത്തന്ന നായകനാണ് ധോണി. അദ്ദേഹത്തിന് പരിചയസമ്പത്തുണ്ട്. എല്ലാ കാര്യങ്ങളും അറിയാം. അതിനാല്‍ ധോണിയുടെ നിയമനം ഇന്ത്യക്ക് ഏറെ ഉപകാര പ്രദമാണ്,” ഗവാസ്കര്‍ പറഞ്ഞു.
Also Read: മാഞ്ചസ്റ്റര്‍ ടെസ്റ്റ്; മത്സരവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഇന്ത്യ
The post ശാസ്ത്രിയും ധോണിയും തമ്മില്‍ വിയോജിപ്പ് ഉണ്ടാകരുതെന്നാണ് പ്രാര്‍ത്ഥന: ഗവാസ്കര്‍ appeared first on Indian Express Malayalam.