തിരുവനന്തപുരം: പാർട്ടിയുടെ കീഴിലുള്ള സഹകരണ സംഘങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ കമ്മിറ്റികൾക്ക് സിപിഎം നിർദ്ദേശം. നിക്ഷിപ്ത താത്പര്യക്കാർ അഴിമതി കാട്ടുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ മാസം 30നകം സംസ്ഥാന സമിതിക്ക് റിപ്പോർട്ട് കൈമാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ജൂലായ് പകുതിയോടെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നിർണായകമായ തീരുമാനം എടുത്തത്. പാർട്ടിയുടെ കീഴിലുള്ള എല്ലാ സഹകരണ ബാങ്കുകളുടെയും പ്രവർത്തനങ്ങൾ പരിശോധിക്കണമെന്ന് പാർട്ടി കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകുകയായിരുന്നു. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും ബാക്കി നടപടികളിലേക്ക് സിപിഎം സെക്രട്ടേറിയേറ്റ് കടക്കുക.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പും ആശങ്കകളും വളരെ ഗൗരവമായാണ് പാർട്ടി എടുത്തിരിക്കുന്നതെന്ന് വെളിവാക്കുന്നതാണ് ഈ നടപടി. തിരുത്തൽ നടപടികളുമായി സിപിഎം മുന്നോട്ടു പോകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് അഞ്ചുവർഷത്തിനുള്ളിൽ നിക്ഷേപകർ 200 കോടി പിൻവലിച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. ഇത്ര ചെറിയ കാല ഇത്രയേറെ നിക്ഷേപം പിൻവലിച്ചതിനു പിന്നിൽ ഭരണസമിതിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
ബാങ്ക് പ്രതിസന്ധിയിലേക്ക് പോകുന്ന കാര്യമറിഞ്ഞ് ഭരണസമിതിയംഗങ്ങൾ വേണ്ടപ്പെട്ടവരുടെ പണം പിൻവലിക്കാൻ നിർദേശിക്കുകയായിരുന്നുവെന്നാണ് നിഗമനം.
Content highlight: CPM secretariate asks district committes to submit report on cooperative banks