തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ നാലിന് തുറക്കുമ്പോൾ ക്ലാസുകൾ ഒന്നിടവിട്ട ദിവസങ്ങളിലാകുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാന വർഷ ക്ലാസുകൾ ആരംഭിക്കും. രണ്ട് ഷിഫ്റ്റ് ക്ലാസ് പ്രായോഗികമല്ല. പ്രിൻസിപ്പൽമാരുടെ യോഗം വെള്ളി രാവിലെ 10ന് ചേരും. അവരുടെകൂടി അഭിപ്രായം സ്വരൂപിച്ച് ഉചിതമായ തീരുമാനമെടുക്കും.
ആരോഗ്യവകുപ്പുമായി ചേർന്ന് എല്ലാവർക്കും ഒരു ഡോസ് വാക്സിൻ ഉറപ്പുവരുത്തും. കോവിഡ് ബാധിച്ചവർക്ക് മൂന്ന് മാസത്തിനകം വാക്സിൻ എടുക്കാൻ കഴിയാത്തതിനാൽ അവർ ക്ലാസിൽ വരുന്നതിന് തടസ്സമില്ല.
ലൈബ്രറികളും തുറക്കും
കോളേജ് തുറക്കുന്നതോടെ ഗവേഷണ വിദ്യാർഥികൾക്കായി പ്രോട്ടോകോൾ പാലിച്ച് സർവകലാശാല, കോളേജ് ലൈബ്രറികളും തുറക്കും. പ്രായോഗിക ക്ലാസുകൾക്ക് മുൻതൂക്കമുള്ള ഫൈൻ ആർട്സ് കോളേജുകളും തുറക്കും. ആദ്യ ദിവസങ്ങളിൽ കോവിഡ് പ്രതിരോധ ക്ലാസ് നൽകുമെന്നും മന്ത്രി പറഞ്ഞു.
എൻജി. എൻട്രൻസ് ഫലം കോടതി വിധിക്കുശേഷം
സംസ്ഥാനത്തെ എൻജിനിയറിങ് പ്രവേശന പരീക്ഷാഫലം കോടതി നിർദേശത്തിന് അനുസരിച്ച് പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം കോടതി തടഞ്ഞിട്ടുണ്ട്. റാങ്ക്പട്ടിക തയ്യാറാക്കാൻ പ്രവേശന പരീക്ഷാസ്കോർ മാത്രം പരിഗണിക്കണമെന്ന ഹർജി കോടതിയിലുണ്ട്. പ്ലസ് ടു മാർക്കുകൂടി ചേർത്തുള്ള രീതിയാണ് നിലവിലുള്ളത്.
ഉന്നത വിദ്യാഭ്യാസം : സമഗ്ര പരിഷ്കരണത്തിന് 3 കമീഷൻ
ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാലോചിത പരിഷ്കാരത്തിന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ മൂന്ന് കമീഷനെ നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്കരിക്കൽ, സർവകലാശാലകളുടെ നിയമങ്ങൾ പരിഷ്കരിക്കൽ, സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് പരിഷ്കരിക്കൽ എന്നിവയെക്കുറിച്ച് പഠിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷനുകളെ നിയോഗിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കമീഷനുകളുടെ വിശദാംശങ്ങൾ:
ഉന്നതവിദ്യാഭ്യാസ മേഖല സമഗ്ര പരിഷ്കരണം: ദില്ലി സർവകലാശാല സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ പ്രൊഫസർ ഡോ. ശ്യാം ബി മേനോൻ ( ചെയർമാൻ), ചെന്നൈ ഐഐടി ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ടി പ്രദീപ് (കൺവീനർ), എംജി വിസി ഡോ. സാബു തോമസ്, ജെഎൻയു പ്രൊഫസർ ഡോ. ഐഷാ കീദ്വായ്, സംസ്ഥാന ആസൂത്രണബോർഡ് അംഗം പ്രൊഫ. രാംകുമാർ, കണ്ണൂർ പ്രൊ. വിസി ഡോ. സാബു അബ്ദുൽ ഹമീദ്, കലിക്കറ്റ് സർവകലാശാല റിട്ട. പ്രൊഫസർ ഡോ. എം വി നാരായണൻ (അംഗങ്ങൾ ).
സർവകലാശാല നിയമപരിഷ്കാര കമീഷൻ : നുവാൽസ് മുൻ വിസി ഡോ. എൻ കെ ജയകുമാർ (ചെയർമാൻ), കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി അംഗം ഡോ. ജോയ് ജോബ് കളവേലിൽ, മലപ്പുറം ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. കെ ദാമോദരൻ, ഹൈക്കോടതിയിലെ അഡ്വ. പി സി ശശിധരൻ (അംഗങ്ങൾ)
പരീക്ഷാ പരിഷ്കരണ കമീഷൻ: എം ജി പ്രൊ വിസി ഡോ. സി ടി അരവിന്ദകുമാർ (ചെയർമാൻ), കെടിയു രജിസ്ട്രാർ ഡോ. എ പ്രവീൺ, കലിക്കറ്റ് മുൻ രജിസ്ട്രാർ ഡോ. സി എൽ ജോഷി, കേരള രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ (അംഗങ്ങൾ).
കോളേജ് വിദ്യാർഥികൾക്ക് ക്യാമ്പസുകളിൽ വാക്സിൻ ക്യാമ്പ്
സംസ്ഥാനത്ത് കോളേജുകൾ ഒക്ടോബർ നാലിന് തുറക്കുന്നതിനാൽ വിദ്യാർഥികൾക്കുള്ള വാക്സിൻ വിതരണം ആരോഗ്യ, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ഏകോപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
സർവകലാശാലകൾ കേന്ദ്രീകരിച്ച് വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും വിദ്യാർഥികളുടെയും കണക്കെടുക്കും. അതിന്റെ അടിസ്ഥാനത്തിൽ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 30നകം 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യഡോസ് വാക്സിൻ നൽകുകയാണ് ലക്ഷ്യം. നിലവിൽ 77.42 ശതമാനംപേർ ആദ്യഡോസും 29.70 ശതമാനംപേർ രണ്ടാം ഡോസും എടുത്തു.