തിരുവനന്തപുരം
ലോകബാങ്ക് സഹായത്തോടെ 2500 കോടിരൂപയുടെ മാലിന്യ സംസ്കരണ പദ്ധതിക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾ കരാറിലെത്തിയതായി മന്ത്രി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോർപറേഷനുകളിലും നഗരസഭകളിലും ഇവയോട് ചേർന്നുള്ള രണ്ട് തദ്ദേശസ്ഥാപനത്തിലുമാണ് അത്യാധുനിക ഖര മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നത്.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് പരിസ്ഥിതി ആഘാതമില്ലാത്ത തരത്തിലാകും ഇവ നടപ്പാക്കുക. അമൃത് പദ്ധതിയുടെ ഭാഗമായും കോർപറേഷനുകളിൽ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും. ജനങ്ങൾക്ക് ദോഷകരമാകുന്ന ഒരു പദ്ധതിയും സർക്കാർ നടപ്പാക്കില്ല. ആദ്യം മാലിന്യം നിക്ഷേപിച്ച് പിന്നീട് പ്ലാന്റ് നിർമാണം എന്ന അശാസ്ത്രീയ രീതിയല്ല സർക്കാരിന്റേത്. എല്ലാ തയ്യാറെടുപ്പും നടത്തിയാകും മാലിന്യ സംസ്കരണം. ലോകബാങ്ക് പദ്ധതി ഈ രീതിയിലാണെന്നും മന്ത്രി പറഞ്ഞു.