തിരുവനന്തപുരം
വിശപ്പുരഹിത കേരളം ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച 1095 ജനകീയ ഹോട്ടലിന്റെ ഗ്രേഡിങ് പൂർത്തീകരിച്ചതായി തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. 266 ഹോട്ടൽ എപ്ലസും 359 എണ്ണം എ ഗ്രേഡും 285 എണ്ണം ബിയും 185 എണ്ണം സിയും നേടി. ഹോട്ടൽ സംരംഭങ്ങളുടെ പ്രവർത്തനക്ഷമതയും നിലവാരവും മെച്ചപ്പെടുത്തുകയാണ് ഗ്രേഡിങ്ങിന്റെ ലക്ഷ്യമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു പദ്ധതിക്കായി 2020–-21 സാമ്പത്തിക വർഷം അനുവദിച്ച 23.64 കോടി രൂപ പൂർണമായും വിനിയോഗിച്ചു. ഈ വർഷം അനുവദിച്ച 20 കോടിയിൽ 18.20 കോടി രൂപ സബ്സിഡിയും റിവോൾവിങ് ഫണ്ടുമായി സംരംഭകർക്ക് നൽകിയിട്ടുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ചാണ് ഗ്രേഡിങ് സൂചിക തയ്യാറാക്കിയത്. ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഗുണമേന്മ, പ്രവർത്തന സമയം, വിറ്റുവരവ്, കെട്ടിടത്തിന്റെയും ചുറ്റുപാടുകളുടെയും അവസ്ഥ എന്നിവയാണ് മാനദണ്ഡങ്ങൾ.
ഉയർന്ന ഗ്രേഡിങ് ലഭിക്കാത്ത സംരംഭകർക്ക് കൂടുതൽ പരിശീലനവും സാമ്പത്തിക സഹായവും കുടുംബശ്രീ ലഭ്യമാക്കും. ദിവസം 1.80 ലക്ഷം ഉച്ചയൂണ് വരെ ജനകീയ ഹോട്ടലുകൾ വഴി നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.