തിരുവനന്തപുരം
വാക്സിൻ ഒരു ഡോസെങ്കിലുമെടുക്കുന്നത് കോവിഡ് ഗുരുതരമാകുന്നതും മരണവും തടയുമെന്നതിന് തെളിവുമായി കണക്കുകൾ. ജൂൺ പകുതി മുതൽ സെപ്തംബർ ആദ്യംവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച 9195ൽ 8290 പേരും വാക്സിനെടുക്കാത്തവരായിരുന്നു. മരിച്ചവരുടെ 90.15ശതമാനം വരുമിത്. 905 പേർ മാത്രമാണ് വാക്സിനെടുത്തിരുന്നത്, 9.84 ശതമാനം.
എല്ലാവരും സ്വയം സന്നദ്ധരായി വാക്സിൻ സ്വീകരിക്കണമെന്നും അനുബന്ധ രോഗബാധിതർ വിട്ടുവീഴ്ച കാണിക്കരുതെന്നും ആരോഗ്യവിദഗ്ധരടക്കം നേരത്തെ പറഞ്ഞിരുന്നു. ഒരു വിഭാഗം വാക്സിനെടുക്കുന്നതിൽ വിമുഖത കാണിക്കുന്നു. ഇവരെ ബോധവൽക്കരിച്ച് വാക്സിനേഷൻ പൂർത്തിയാക്കാൻ ആരോഗ്യവകുപ്പ് നടപടി ആരംഭിച്ചിരുന്നു.
അനുബന്ധരോഗങ്ങൾ ഉള്ളവരിലും മരണസാധ്യത കൂടുതലാണ്. മരിച്ച 9195 പേരിൽ 3759 (26.41ശതമാനം) പേർ പ്രമേഹബാധിതരും 3716 (26.11ശതമാനം) പേർ ഉയർന്ന രക്തസമ്മർദം ഉള്ളവരും 1575 (11.07ശതമാനം) പേർ ഹൃദ്രോഗികളും 1165 (8.10ശതമാനം) പേർ വൃക്കരോഗികളുമായിരുന്നു. തൃശൂർ ജില്ലയിലാണ് വാക്സിനെടുക്കാത്തവരിൽ കൂടുതൽ മരണം, 1021. തിരുവനന്തപുരം–-988, പാലക്കാട്–-958, മലപ്പുറം–-920, കോഴിക്കോട്–-916 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ നിരക്ക്.
വാക്സിനേഷനിലൂടെ കോവിഡ് പൂർണമായി വരില്ലെന്ന് പറയാൻ കഴിയില്ലെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. അതേസമയം രോഗം ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും വാക്സിൻ തടയും. സംസ്ഥാനത്ത് 0.51 ശതമാനം മാത്രമാണ് കോവിഡ് മരണനിരക്ക്.
മരിച്ചവരിൽ 16,202പേർ 60 കഴിഞ്ഞവർ
സംസ്ഥാനത്ത് കോവിഡിനിരയായവരിൽ കൂടുതലും 60 വയസ്സിന് മുകളിലുള്ളവർ. ബുധൻവരെ റിപ്പോർട്ട് ചെയ്ത 22,001 മരണത്തിൽ 16,202പേർ 60 പിന്നിട്ടവരാണ്. അനുബന്ധരോഗങ്ങൾക്ക് ചികിത്സ തേടുന്നവരും കൂടുതലാണ്. 41നും 59നും ഇടയിൽ പ്രായമുള്ള 4868 പേരും18നും 40നും ഇടയിൽ പ്രായമുള്ള 885 പേരും 17 വയസ്സുവരെയുള്ള വിഭാഗത്തിൽ 46 പേരുമാണ് കോവിഡിനിരയായത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ മരണം, 3647. നൂറുപേരിൽ 0.94 ശതമാനമെന്ന രീതിയിലാണ് തിരുവനന്തപുരത്തെ മരണനിരക്ക്.