കൊച്ചി
വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി കേസെടുത്തു. ഓൺലൈൻ വാർത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും കെ ബാബുവും അടങ്ങുന്ന ബെഞ്ച് സ്വമേധയാ കേസെടുത്തത്.
വിവാഹത്തിന് നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും സസ്യങ്ങളുടെ ഇലകളും ഉപയോഗിച്ച് അലങ്കരിച്ചുവെന്നായിരുന്നു മാധ്യമവാർത്തകൾ. നടപ്പന്തൽ അലങ്കരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. നടപ്പന്തലിൽ പുഷ്പാലങ്കാരത്തിനുമാത്രമാണ് അനുമതിയെന്നും കട്ടൗട്ടുകളും ബോർഡുകളും വയ്ക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും ബോർഡ് അറിയിച്ചു. ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് 110 വിവാഹം നടക്കുന്നുണ്ടെന്നും വരനും വധുവും അടക്കം 12 പേർക്കേ അനുമതിയുള്ളൂവെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഇക്കാര്യം അഡ്മിനിസ്ട്രേറ്റർ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ക്ഷേത്രത്തിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാനും കോടതി ഉത്തരവിട്ടു.