കൊച്ചി: മലപ്പുറം എ.ആർ നഗർ ബാങ്ക് ഇടപാടിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻമന്ത്രി കെ.ടി ജലീൽ എംഎൽഎ. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഇഡി അന്വേഷണം വേണമെന്ന അഭിപ്രായമില്ല. ഇത്തരം ക്രമക്കേടുകളിൽ സഹകരണ വകുപ്പ് അന്വേഷണം നല്ലനിലയിലാണ് നടക്കുന്നതെന്നും ജലീൽ പറഞ്ഞു. ചന്ദ്രിക കള്ളപ്പണ ഇടപാട് സംബന്ധിച്ച രേഖകൾ കൊച്ചി ഇഡി ഓഫീസിലെത്തി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എആർ നഗർബാങ്കിലെ ക്രമക്കേട് സംസ്ഥാന സഹകരണ വകുപ്പ് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നതെന്നും മുൻനിലപാട് മാറ്റി ജലീൽ വിശദീകരിച്ചു. ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മാത്രമാണ് ഇഡി തന്നെ വിളിപ്പിച്ചത്. ഇതുസംബന്ധിച്ച രേഖകൾ ഇഡിക്ക് നൽകിയിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ വിജിലൻസ് അന്വേഷണമാണോ വേണ്ടതെന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കും. നിലവിൽ അന്വേഷണം തടസപ്പെട്ടത് കോടതിയിൽ നിന്നുള്ള സ്റ്റേ നിലനിൽക്കുന്നത് കൊണ്ടാണെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്. സ്റ്റേ നീങ്ങുന്ന മുറയ്ക്ക് ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ജലീൽ പറഞ്ഞു.
വിവാദത്തിനിടെ മുഖ്യമന്ത്രിയെ ചെന്നുകണ്ടത് അദ്ദേഹം തന്നെ വിളിപ്പിച്ചിട്ടല്ലെന്നും ജലീൽ പറഞ്ഞു. മുഖ്യമന്ത്രിയെ ചെന്നുകാണുന്ന പതിവ് സന്ദർശനം മാത്രമായിരുന്നു അത്. മുസ്ലീം ലീഗിന്റെ നയങ്ങളോട് ശക്തമായ വിയോജിപ്പുള്ള പാർട്ടിയാണ് സിപിഎമ്മും ഇടതുപക്ഷ പാർട്ടികളും. സ്വാഭാവികമായും മുസ്ലീം ലീഗിന്റെ കൊള്ളരുതാത്ത സമീപനങ്ങൾക്കെതിരേ പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ പിന്തുണ തനിക്കുണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഇക്കാര്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കിയതെന്നും ജലീൽ കൂട്ടിച്ചേർത്തു.
content highlights:KT Jaleel MLA claims he had not demanded ED probe in AR Nagar bank scam