തിരുവനന്തപുരം > കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ബിജെപി വിധേയത്വമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ നയം. ബിജെപിയുടെ കുറവ് നികത്താൻ ശ്രമിക്കുകയാണ് കോൺഗ്രസ്. കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും നയിക്കുന്നത് ബിജെപി വിധേയത്വമാണ്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തിരുവനന്തപുരം ജിപിഒയിൽ നടന്ന സിപിഐ എം ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ പിന്നിൽ നിന്ന ജനവിഭാഗങ്ങൾ ഇടതുപക്ഷത്തേക്ക് വരികയാണ്. ഡിസിസി പ്രസിഡന്റുമാരെ നിയമിക്കാനുള്ള ബുദ്ധിമുട്ട് നമ്മൾ കണ്ടു. കേന്ദ്രത്തിന്റെ ജനവിരുദ്ധ നിലപാടുകൾക്കൊപ്പമല്ല കേരളം.
ഇന്ത്യയിൽ നടക്കുന്ന സമരങ്ങളെ ഗൗരവത്തോടെയാണ് സിപിഐ എം കാണുന്നത്. ഭരണഘടന, ഫെഡറലിസം, കാർഷിക, തൊഴിൽ അവകാശങ്ങളെ സംരക്ഷിക്കുന്ന ബഹുജന പോരാട്ടമാണ് വേണ്ടത്. ബിജെപി കടന്നാക്രമണങ്ങൾക്കെതിരെ മുന്നിൽ നിൽക്കേണ്ടത് കമ്യൂണിസ്റ്റുകാരാണ്. സിപിഐ എം ആ ചുമതല ഏറ്റെടുക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
ലീഗിനോടുള്ള നിലപാടിൽ മാറ്റമില്ല
തിരുവനന്തപുരം > എ ആർ നഗർ ബാങ്ക് വിഷയത്തിൽ കെ ടി ജലീലിനെ സിപിഐ എം പിന്തുണയ്ക്കുന്നില്ല എന്നത് മാധ്യമവ്യാഖ്യാനം ആണെന്ന് എ വിജയരാഘവൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇഡിയോടുള്ള നിലപാട് പാർടിയും സർക്കാരും നേരത്തെ വ്യക്തമാക്കിയതാണ്. ചില വിഷയത്തിൽ ഇഡിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന സന്ദർഭങ്ങളിലാണ് അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്.
സിപിഐ എം എല്ലാ സന്ദർഭത്തിലും ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ വിമർശിക്കാറുണ്ട്. ‘ഹരിത’യെ പിരിച്ചുവിട്ടതിലടക്കം വെളിവാകുന്നത് ലീഗിന്റെ സങ്കുചിത പുരുഷമേധാവിത്വ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.