തിരുവനന്തപുരം: നിപ സമ്പർക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ന് രാവിലെ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിരുന്നു. ഇതോടെ 68 പേരാണ് നെഗറ്റീവായത്. ഇപ്പോൾ നിപ സമ്പർക്കപ്പട്ടികയിലുള്ള 274 പേരാണുള്ളത്. അതിൽ 149 ആരോഗ്യ പ്രവർത്തകരാണ്. മറ്റ് ജില്ലകളിലുള്ളവർ 47 പേരാണ്. സമ്പർക്കപ്പട്ടികയിലുള്ള 7 പേർക്കാണ് രോഗലക്ഷണമുള്ളത്. അതിൽ ആരുടേയും ലക്ഷണങ്ങൾ തീവ്രമല്ല. എല്ലാവർക്കും ചെറിയ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ കുട്ടിയുടെ വീടിന്റെ 3 കിലോമീറ്റർ ചുറ്റളവിലുള്ള കണ്ടൈൻമെന്റ് സോണിന്റെ പരിധിയിൽ വരുന്ന എല്ലാ വാർഡുകളിലും ഹൗസ് ടു ഹൗസ് സർവേ നടത്തി.അസ്വാഭാവികമായ പനിയോ അസ്വാഭാവികമായ മരണങ്ങളോ ഈ ഭാഗങ്ങളിൽ ഉണ്ടായിട്ടില്ല എന്നത് നല്ല സൂചനയാണ്. ഈ പ്രദേശങ്ങളിൽ പനി പോലുള്ള ലക്ഷണങ്ങളുള്ള 89 പേരുണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയത്. അവർക്ക് ഈ കേസുമായി ഒരു ലിങ്കുമില്ല.കോവിഡും നിപയും പരിശോധിക്കുന്നതിന് വേണ്ടിയുള്ള സാമ്പിളുകൾ ഇവരിൽ നിന്നും ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദേശങ്ങളിൽ കേന്ദ്രസംഘവും സന്ദർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കോളേജ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചെയ്യുന്നതാണ്. സർവകലാശാലകൾ കേന്ദ്രീകരിച്ച് വാക്സിൻ എടുക്കാത്ത അധ്യാപകരുൾപ്പെടെയുള്ളവരുടെ കണക്കെടുക്കും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. സെപ്റ്റംബർ 30നകം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യഡോസ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ തന്നെ 77 ശതമാനത്തിലധികം പേർ ആദ്യഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. അതിനാൽ തന്നെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
content highlights:nipah virus, seven more test result negative