ഡിപ്പോയ്ക്ക് പുറത്തുള്ള ഭൂമിയിലായിരിക്കും ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറക്കുക. കെഎസ്ആർടിസിയുടെ ഭൂമിയിൽ ബെവ്കോയുടെ സഹകരണത്തോടെ കെട്ടിടം നിർമ്മിക്കും. ഇതിനുള്ള ശുപാർശ നൽകിയിട്ടുണ്ടെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ ഭൂമിയിൽ ബെവ്കോ കെട്ടിടം നിർമ്മിക്കണം. കൂടാതെ വാടകയും നൽകണം. ഭൂമി ദീർഘകാല പാട്ടത്തിനാകും നൽകുക. കെഎസ്ആർടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം ഇതിനായി കൈമാറും. അനുയോജ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബസ്റ്റാന്റ് വഴി മദ്യം വിൽക്കാനുള്ള തീരുമാനം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് കേരള സംയുക്ത ക്രൈസ്തവ മദ്യവർജ്ജന സമിതി വ്യക്തമാക്കിയിരുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗതാഗത വകുപ്പ് മന്ത്രി ഇത്തരത്തിൽ ഒരു കാര്യം പറയുന്നത് പ്രതിഷേധാർഹമാണെന്നും സമിതി പറഞ്ഞു.
സമിതിയുടെ പ്രതിഷേധം സർക്കാരിനെ അറിയിക്കും. ലഹരി വ്യാപകമാക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സമിതി ആരോപിച്ചു. സമിതിയുടെ സംസ്ഥാന പ്രസിഡന്റും പാലാ രൂപതയുടെ സഹായ മെത്രാനുമായ മാർ ജേക്കബ് മുരിക്കൻ, സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ മലിയിൽ സാബു കോശി ചെറിയാൻ അടക്കമുള്ളവർ പങ്കെടുത്തു.
മദ്യ കടകൾ കെഎസ്ആർടിസി സ്റ്റാന്റിൽ ആരംഭിക്കാനുള്ള മന്ത്രി ആന്റണി രാജുവിന്റെ ആഗ്രഹം വ്യാമോഹമാണെന്നായിരുന്നു കെസിബിസി മദ്യവിരുദ്ധ സിമിതിയുടെ പ്രതികരണം. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാൻ ഒരു ഭാഗത്തു നിന്നും ശ്രമിക്കുമ്പോൾ മദ്യവിതരണം സുഗമമാക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ശരിയല്ലെന്നും മന്ത്രിയുടെ നീക്കം കണ്ടാൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോയെന്ന് തോന്നുമെന്നും മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.
എന്നാൽ, കെഎസ്ആർടിസി ഡിപ്പോകളിലെ ഒഴിഞ്ഞു കിടക്കുന്ന മുറികൾ വാടകയ്ക്ക് നൽകുമെന്ന് എല്ലാ വകുപ്പുകളേയും അറിയിച്ചിരുന്നു. ബെവ്കോയേയും അത്തരത്തിൽ അറിയിച്ചിരുന്നു. കെഎസ്ആർടിസി വാടക കെട്ടിടത്തിൽ ബെവ്കോ ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള സന്നദ്ധത ബെവ്കോ അറിയിച്ചിട്ടുണ്ട്. മദ്യവിൽപ്പന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനാണ് നീക്കമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ ബെവ്കോ, വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കുന്നത്. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ല. അതിനാല്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധുമുട്ടുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.