തിരുവനന്തപുരം: അണികളേക്കാൾ കൂടുതൽ നേതാക്കളുള്ള പാർട്ടിയെന്നാണ് കോൺഗ്രസിനെ എതിരാളികൾ വിമർശിക്കാറുള്ളത്. പാർട്ടി വേദികളിലെ നേതാക്കളുടെ ധാരാളിത്തം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമർശനം. നേതാക്കളുടെ ബാഹുല്യം കാരണം കോൺഗ്രസ് വേദികൾ തകർന്നുവീഴുന്നതും പുതുമയുള്ള കാര്യമായിരുന്നില്ല.കോൺഗ്രസിന്റെ പുതിയ മാർഗരേഖ നടപ്പാകുകയാണെങ്കിൽ ഇനി അതുണ്ടാകില്ല.വാക്കിൽ മാത്രമല്ല പ്രവൃത്തിയിലൂടെയാണ് മാറ്റം വേണ്ടതെന്ന് തെളിയിക്കുകയാണ് പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസിനെ ആറു മാസം കൊണ്ട് അടിമുടി മാറ്റുമെന്ന വാഗ്ദ്ധാനം നടപ്പിൽ വരുത്തുന്നതിലേക്കുള്ള ചുവടുവെപ്പിലാണിപ്പോൾ സുധാകരനും പാർട്ടിയും.
സംസ്ഥാന കോൺഗ്രസിൽ അടിമുടി മാറ്റത്തിനായി നേതാക്കൾക്കും അണികൾക്കും മാർഗ്ഗരേഖ ഇറക്കിയിരിക്കുകയാണ്. നേതൃത്വം. ഡിസിസി പ്രസിഡന്റുമാരുടെ ശിൽപ്പശാലയിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്. ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള മാറ്റത്തിന്റെ പാതയൊരുക്കുന്നതാണ്മാർഗ്ഗരേഖ. പാർട്ടിയെ അടിമുടി മാറ്റി പ്രവർത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ടുള്ളപോക്ക്.
തർക്കങ്ങളും പരാതികളും തീർക്കാൻ ജില്ലാതലങ്ങളിൽ സമിതി ഉണ്ടാക്കും. പാർട്ടിയിലെ മുഴുവൻസമയ പ്രവർത്തകർക്ക് പ്രതിമാസം ഇൻസെന്റീവ് അനുവദിക്കും. കേഡർമാരുടെ മുഴുവൻസമയ പ്രവർത്തനം ഉറപ്പാക്കാനാണ് പ്രതിമാസ ഇൻസെന്റീവ്. ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ വിലയിരുത്തും. കടലാസിൽ മാത്രമുള്ള ബൂത്ത് കമ്മിറ്റികൾ ഇനി പറ്റില്ല. ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറുമാസം കൂടുമ്പോൾ ഡിസിസി പ്രസിഡണ്ടുമാർ വിലയിരുത്തി കെപിസിസിക്ക് റിപ്പോർട്ട് നൽകണം. വീഴ്ചയുണ്ടായാൽ വീശദീകരണം തേടി നടപടി ഉണ്ടാകും.
ഗ്രാമങ്ങളിലെ സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തനങ്ങളിലെല്ലാം പ്രാദേശിക നേതാക്കളും പ്രവർത്തകരും സജീവമായി ഇടപെടണം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അണികളാണ് പാർട്ടിയുടെ മുഖമെന്ന നിലയ്ക്ക് പ്രവർത്തിക്കണം. തർക്കങ്ങളും പരാതികളും ജില്ലാതലങ്ങളിൽ തീർക്കണം. അതിനായി ജില്ലാതല സമിതിക്ക് രൂപം നൽകും. അവിടെയും തീരാത്ത ഗൗരവമുള്ള പ്രശ്നമാണെങ്കിൽ കെപിസിസി ഇടപെടും. ഫ്ലെക്സ്പാർട്ടി, സ്റ്റേജിലെ ആൾക്കൂട്ടം തുടങ്മെങിയ ചീത്തപ്പേരുകൾ മാറ്റുകയാണ്. വ്യക്തിപരമായി ആരും ഫ്ലെക്സ് ബോർഡുകൾവെക്കരുത്. പാർട്ടി കമ്മിറ്റികളുടെ അറിവോടെ മാത്രമായിരിക്കും ഇനി ബോർഡുകൾ സ്ഥാപിക്കുക.
പാർട്ടി പരിപാടികളുടെ വേദികളിൽ നേതാക്കളെ നിയന്ത്രിക്കണം. സംസ്ഥാന നേതാക്കളെ പാർട്ടി പരിപാടികൾക്കായി പ്രാദേശിക നേതാക്കൾ നേരിട്ട് വിളിക്കരുത്. മണ്ഡലം കമ്മിറ്റിയുടേയും ഡിസിസികളുടേയും അനുവാദം വാങ്ങി മാത്രമേ നേതാക്കളെ വിളിക്കാവൂ. വ്യക്തിവിരോധത്തിന്റെ പേരിൽ ആരെയും കമ്മിറ്റികളിൽ നിന്നും ഒഴിവാക്കരുത്. ഡിസിസി പ്രസിഡന്റുമാരുടെ അഭിപ്രായം കൂടി ചേർത്ത് പുതുക്കി മാർഗ്ഗരേഖ നടപ്പാക്കി മാറ്റവുമായി മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.
ഡിസിസി അധ്യക്ഷൻമാരുടെ നിയമനത്തിലുണ്ടായ പൊട്ടലും ചീറ്റലും ഒതുങ്ങിയതിന് പിന്നാലെയാണ് കോൺഗ്രസ് പുതിയ മാർഗ്ഗരേഖ ഇറക്കിയിരിക്കുന്നത്.
Content Highlights:Guidelines for congress Leaders and workers in Kerala by KPCC president KSudhakaran