തിരുവനന്തപുരം > “ടേക്ക് എ ബ്രേക്’ പദ്ധതിയിൽ നെയ്യാറ്റിന്കര കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിനോട് ചേര്ന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ ടോയ്ലെറ്റ് ഉദ്ഘാടനം ചെയ്തെന്ന വ്യാജവാർത്തയ്ക്ക് മറുപടി നൽകി മന്ത്രി എം വി ഗോവിന്ദൻ. മലയാള മനോരമ ആരോപിക്കുന്ന പഴയ ടോയ്ലറ്റിന്റെ ഫോട്ടോയും നവീകരിച്ച ടേക് എ ബ്രേക്ക് വഴിയിടത്തിന്റെ ഫോട്ടോയും നോക്കിയാൽ ആര്ക്കും വസ്തുത എന്തെന്ന് ബോധ്യപ്പെടുമെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മന്ത്രി എം വി ഗോവിന്ദന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ഇന്നത്തെ മലയാള മനോരമ പത്രത്തില്, നെയ്യാറ്റിന്കര കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിനോട് ചേര്ന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ ടോയ്ലെറ്റ് ടേക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ഞാന് ഉദ്ഘാടനം ചെയ്തു എന്നൊരു വാര്ത്ത ശ്രദ്ധയില്പ്പെട്ടു. മനോരമ പറയുന്നത് പോലെയെങ്കില് അതൊരു പിഴവാണല്ലൊ. എന്നാല്, മനോരമയിലെ വാര്ത്തയും വസ്തുതയും തമ്മില് പുലബന്ധം പോലുമില്ല എന്നാണ് അന്വേഷിച്ചാല് ആര്ക്കും മനസിലാക്കാനാവുക.
ബസ് സ്റ്റാന്ഡില് ഉണ്ടായിരുന്ന പഴകിയതും വൃത്തിഹീനവുമായ ടോയ്ലറ്റ്, ടേക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നവീകരിക്കാന് നിര്ദേശിച്ചിരുന്നു. കെഎസ്ആര്ടിസിയും ശൗചാലയ നവീകരണം എന്ന ആവശ്യം നെയ്യാറ്റിന്കര നഗരസഭയ്ക്ക് മുമ്പാകെ വെച്ചു. തുടര്ന്നാണ് നഗരസഭ പ്രദേശത്തെ മിനി സിവില്സ്റ്റേഷന് കോമ്പൗണ്ടിലും അമരവിള ചന്തയുടെ സമീപത്തും പി ഡബ്ള്യു ഡി റസ്റ്റ്ഹൗസ് പരിസരത്തും നിര്മിക്കുന്ന ടേക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ കൂടെ കെഎസ്ആര്ടിസി ശൗചാലയവും കൂടി ഉള്പ്പെടുത്തി, അവിടം നവീകരിച്ചത്.
കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് ടേക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഒരുക്കുന്നതിന് സര്ക്കാരിന്റെ വിഹിതമായ 10 ലക്ഷം രൂപയും നഗരസഭയുടെ 1 ലക്ഷം രൂപയും ചേര്ത്ത് 11 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ടെന്ഡര് ചെയ്തു. എസ്റ്റിമേറ്റില് പറഞ്ഞ സെപ്റ്റിക് ടാങ്ക് ആവശ്യമില്ലാത്തതിനാല് 6 ലക്ഷം രൂപയ്ക്ക് കെ എസ് ആര് ടി സി സ്റ്റാന്ഡിലെ ശൗചാലയത്തിന്റെ നവീകരണ പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കി.
മലയാള മനോരമ ആരോപിക്കുന്ന പഴയ ടോയ്ലറ്റിന്റെ ഫോട്ടോയും നവീകരിച്ച ടേക് എ ബ്രേക്ക് വഴിയിടത്തിന്റെ ഫോട്ടോയും ഈ പോസ്റ്റില് ഉള്പ്പെടുത്തുന്നുണ്ട്. അത് കാണുമ്പോള് ആര്ക്കും വസ്തുത എന്തെന്ന് മനസിലാവും.
നിര്മ്മാണം പൂര്ത്തിയാക്കിയ ടേക് എ ബ്രേക്ക് വഴിയിടങ്ങള്, കോവിഡ് പശ്ചാത്തലത്തില് ഉദ്ഘാടനത്തിന് കാത്തുനില്ക്കാതെ പൊതുജനങ്ങള്ക്ക് തുറന്നുകൊടുക്കാന് നിര്ദേശിച്ചിരുന്നു. രണ്ടാംഘട്ടത്തില് നൂറ് ടേക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങള് ഉദ്ഘാടനം ചെയ്യുമ്പോള് നിര്മ്മാണം പൂര്ത്തിയാക്കി പൊതുജനങ്ങള്ക്ക് തുറന്നുകൊടുത്തവയും ഉദ്ഘാടനംചെയ്തു. ഒരു ജനകീയ സര്ക്കാരിന് ഇത്തരത്തിലുള്ള നിലപാടെടുത്ത് മുന്നോട്ടുപോകാനേ സാധിക്കൂ.