തിരുവനന്തപുരം > കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ നയമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. കേരളത്തിൽ ബിജെപി സാന്നിധ്യമില്ലാത്തതിന്റെ കുറവ് നികത്താൻ ശ്രമിക്കുകയാണ് കോൺഗ്രസ്. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ബിജെപി വിധേയത്വമാണെന്നും വിജയരാഘവൻ പറഞ്ഞു. തിരുവനന്തപുരം ജിപിഒയിൽ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ സിപിഐ എം ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ എന്തെങ്കിലും തോൽവി നേരിട്ടാൽ സ്വന്തം നയങ്ങളിൽ എന്തെങ്കിലും തകരാർ ഉണ്ടോയെന്ന് പരിശോധിക്കാൻ പോലും കോൺഗ്രസ് തയ്യാറാകുന്നില്ല. ഇപ്പോൾ കോൺഗ്രസിന്റെ പിന്നിൽനിന്ന ജനവിഭാഗങ്ങൾ കൂടുതൽ ഇടതുപക്ഷത്തേക്ക് വരികയാണ്. സ്വാതന്ത്ര്യ സമര പ്രക്ഷേഭങ്ങളിൽ അഭിമാനംകൊള്ളുന്ന കോൺഗ്രസുകാർ ഇടതുപക്ഷത്തോട് അടുക്കുകയാണ്. സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന പ്രതിലോമ നടപടികൾക്കൊപ്പമല്ല അവർ ഉള്ളത്.
14 ഡിസിസി പ്രസിഡന്റുമാരെ നിയമിക്കാൻ എടുത്ത ബുദ്ധിമുട്ട് നമ്മൾ കണ്ടു. ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ ഇത്രയും കഷ്ടപ്പാട് ഉണ്ടായിരുന്നില്ല. നയങ്ങളാണ് പ്രധാനം എന്ന് എന്നാണ് ഇനി കോൺഗ്രസ് തിരിച്ചറിയുക?. കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ സ്വയം ഇല്ലാതാകും എന്ന് എന്നാണ് ഇനി മനസ്സിലാക്കുക?. മുസ്ലിം ലീഗിൽ ഇപ്പോൾ ഹരിത വിപ്ലവമാണ്. നേരത്തെ യുഡിഎഫിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മധ്യസ്ഥം പറയാൻ നിന്നിരുന്നത് ലീഗ് ആയിരുന്നു. ഇപ്പോൾ സ്വന്തം പ്രശ്നം തീർക്കാൻ ബുദ്ധിമുട്ടുകയാണ്. ഇടതുപക്ഷ വിരുദ്ധത മാത്രമാണ് ഇവരുടെ നിലപാട്.
ബിജെപി കേരളത്തിന്റെ പൊതുസമൂഹത്തിൽ സ്വീകാര്യത കിട്ടാത്ത ഒരു പ്രസ്ഥാനമാണ്. കേന്ദ്രത്തിന്റെ ജനവിരുദ്ധ നിലപാടുകൾക്കൊപ്പമല്ല കേരളം. പാർട്ടി എന്ന നിലയിൽ ഇന്ത്യയിൽ നടക്കുന്ന സമരങ്ങളെ ഗൗരവത്തോടെയാണ് സിപിഐ എം കാണുന്നത്. ഭരണഘടന, ഫെഡറലിസം, കാർഷിക തൊഴിൽ അവകാശങ്ങളെ സംരക്ഷിക്കുന്ന ബഹുജന പോരാട്ടമാണ് വേണ്ടത്. അത് ഏറ്റെടുത്തുകൊണ്ടാണ് സിപിഐ എം പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ബിജെപി കടന്നാക്രമണങ്ങൾക്കെതിരെ മുന്നിൽ നിൽക്കേണ്ടത് കമ്യൂണിസ്റ്റുകാരാണ്. ഒരു മടിയും കൂടാതെ സിപിഐ എം ആ ചുമതല ഏറ്റെടുക്കും. വലിയ ജനകീയ പോരാട്ടമാണ് ഉയർന്നുവരേണ്ടത്. ജനങ്ങളെ അണിനിരത്തി സംഘ്പരിവാർ ഉയർത്തിയ വെല്ലുവിളികളെ എല്ലാം അതീജിവിക്കാനാകുമെന്നും വിജയരാഘവൻ പറഞ്ഞു.