ന്യൂഡൽഹി: മലബാറിലെ റെയിൽ, വ്യോമഗതാഗത മേഖലയിലെ വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച്വിവിധ കേന്ദ്രമന്ത്രിമാരിൽ നിന്ന്ഉറപ്പ് ലഭിച്ചതായി മന്ത്രി വി. മുരളീധരൻ അറിയിച്ചു. മലബാർ ചേംമ്പർ ഓഫ് കോമേഴ്സ് പ്രതിനിധി സംഘത്തിനൊപ്പം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനാക്കി ഉയർത്തുന്നതിനുള്ള പ്രവൃത്തി ഈ മാസം തന്നെ ആരംഭിക്കും. രാജ്യത്തെ 23 സ്റ്റേഷനുകളാണ് ലോകോത്തര നിലവാരമുളള സ്റ്റേഷനുകളാക്കി മാറ്റുന്നത്. ഇതിൽ കേരളത്തിൽനിന്ന് ഇടംപിടിച്ച ഏക സ്റ്റേഷനാണ് കോഴിക്കോട്. കോഴിക്കോട്ട് നിന്ന് ആരംഭിക്കുന്നതോ ആവസാനിക്കുന്നതോ ആയ ട്രെയിനുകൾക്ക് പിറ്റ്ലൈൻ ഇല്ലാത്ത പ്രശ്നം പരിഹരിക്കും. വെസ്റ്റ് ഹിൽ സ്റ്റേഷനിൽ പിറ്റ്ലൈൻ സ്ഥാപിക്കുന്നതാണ് പരിഗണനയിലുള്ളത്. കോഴിക്കോട്-തൃശ്ശൂർ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സർവീസ് ആരംഭിക്കുന്നത് പരിഗണിക്കാമെന്നും റെയിൽവെമന്ത്രി അറിയിച്ചതായി മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് വിമാനത്താവളത്തിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെ ഉണ്ടാകുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും മന്ത്രി അറിയിച്ചു.
വിമാനത്താവളത്തിന്റെ റൺവേ വികസനം, ടെർമിനൽ വികസനംഎന്നിവക്ക് സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കിയാൽ തുടർ നടപടി ഉണ്ടാകുമെന്ന് വ്യോമയാനമന്ത്രി ഉറപ്പ് നൽകി. ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ സന്ദർശിച്ച ചേംമ്പർ ഓഫ് കോമേഴ്സ് നിവേദക സംഘം സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്താനും മന്ത്രി നിർദേശം നൽകി.
മലബാർ ചേംമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത്, സെക്രട്ടറി മഹബൂബ്, ഭാരവാഹികളായ അരുൺകുമാർ, എം.പി.എം മുബഷിർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര നാളികേര വികസന ബോർഡ് അംഗവുമായ പി. രഘുനാഥ് , കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യാ ഹരിദാസ് എന്നിവരും മന്ത്രിമാരെ സന്ദർശിച്ച സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
Content Highlights:Big Flights to resume service from karipur airport says minister VMuraleedharan