തിരുവനന്തപുരം> വാക്സിൻ വിതരണ കേന്ദ്രങ്ങളിലും കോവിഡാനന്തര ക്ലിനിക്കുകളിലും എത്തുന്നവരിൽ ശ്വാസകോശ സംബന്ധ രോഗമുള്ളവർക്ക് ക്ഷയരോഗ പരിശോധന നടത്തി രോഗപ്രതിരോധം ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്. ക്ഷയത്തിന്റെയും കോവിഡിന്റെയും ദ്വിദിശ സ്ക്രീനിങ്ങും ഇവിടങ്ങളിൽ നടത്തും. ക്ഷയരോഗമുക്ത കേരളം ലക്ഷ്യമിട്ടുള്ള ആരോഗ്യവകുപ്പിന്റെ അക്ഷയ കേരളം ക്യാമ്പയിന്റെ ഭാഗമായാണ് ഇത്.
നവംബർ ഒന്നുവരെയുള്ള അക്ഷയ കേരളം ക്യാമ്പയിനിൽ വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ഷയരോഗികളുമായി സമ്പർക്കത്തിൽ കഴിയുന്ന 15 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും മുതിർന്നവർക്കും- പരിശോധനയും പരിചരണവും (ടെസ്റ്റ് ആൻഡ് ട്രീറ്റ്) എന്ന സമീപനത്തിലൂടെ ഘട്ടംഘട്ടമായി ചികിത്സ നൽകും. കണ്ടെത്താത്ത ഏകദേശം 1600 ക്ഷയരോഗബാധിതരുണ്ടെന്നാണ് നിഗമനം.
അടുത്ത രണ്ടു മാസത്തിനുള്ളിൽ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകുകയാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യം. ക്ഷയരോഗ ബാധിതർ കൂടുതലായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങൾ നിരീക്ഷിച്ച് അവിടങ്ങളിൽ വീടുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രോഗനിർണയ പരിശോധനയും നടത്തും.
ആദിവാസി ഊരുകൾ, ജയിൽ, അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, വൃദ്ധസദനങ്ങൾ ഇവ കേന്ദ്രീകരിച്ചും അഗതികൾക്കും പ്രവാസികൾക്കും തീരപ്രദേശങ്ങളിലുള്ളവർക്കും ക്ഷയരോഗ സംരക്ഷണ സംവിധാനങ്ങളും തുടർസേവനവും നൽകും.