കൊച്ചി
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും തിരിമറി നടത്തിയ പണം ഭൂമികച്ചവടത്തിനോ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കോ ഉപയോഗിച്ചതിന് തെളിവില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ബാങ്കിൽ 300 കോടിയുടെ തട്ടിപ്പ് നടന്നെന്നും സിബിഐയോ ഇഡിയോ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ എം വി സുരേഷ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
ഏതൊക്കെ ഉദ്യോഗസ്ഥരാണ് ക്രമക്കേട് നടത്തിയതെന്നും തട്ടിപ്പിൽ അവരുടെ പങ്കെന്താണെന്നും അന്വേഷിക്കുന്നുണ്ട്. എത്ര പണം തിരിമറി നടത്തിയെന്നും എന്താവശ്യത്തിന് ഉപയോഗിച്ചെന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണം പ്രഥമവിവര റിപ്പോർട്ടിൽമാത്രമായി ഒതുങ്ങില്ല. പ്രതികൾക്കും ബാങ്കിനും രാഷ്ട്രീയപാർടിയുമായി ബന്ധമുണ്ടെന്നത് അന്വേഷണ ഏജൻസി മാറാൻ കാരണമല്ല. അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
പ്രതികൾ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചിന് സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാൻ അധികാരമുണ്ട്. സിബിഐ അന്വേഷണം വേണമെന്നതിന് ഹർജിക്കാരൻ മതിയായ കാരണം പറയുന്നില്ല. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം പക്ഷപാതപരമായി പ്രവർത്തിക്കുന്നതായോ ഉദ്യോഗസ്ഥർ കളങ്കിതരാണെന്നോ പരാതിയില്ല. അന്വേഷകസംഘം പ്രാപ്തരല്ലെന്നുമാത്രമാണ് പരാതി.
അന്വേഷണത്തിൽ നിരവധി രേഖകൾ പരിശോധിച്ചു. വ്യാജ അപേക്ഷകളും രേഖകളും പിടിച്ചെടുത്തു. നിരവധിപേരെ ചോദ്യം ചെയ്തു. വ്യാജരേഖകളും ഡിജിറ്റൽ തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സംശയമുള്ള അക്കൗണ്ടുകൾ പരിശോധിക്കുകയാണ്. 279 വായ്പകൾ ക്രമരഹിതമായി അനുവദിച്ചതായി കണ്ടെത്തി. വ്യാജ അംഗത്വത്തിന്റെ മറവിലാണ് തിരിമറി നടന്നത്. വായ്പയെടുത്തവരുടെയും ജാമ്യക്കാരുടെയും ബാധ്യതാ ലെഡ്ജർ ബാങ്ക് സൂക്ഷിക്കുന്നില്ല.
2016-–-2021 കാലയളവിലെ ഡയറക്ടർമാർ സഹകരണവകുപ്പിന്റെ ഉത്തരവ് മറികടന്ന് വായ്പ അനുവദിച്ചിട്ടുണ്ട്. ഒന്നും രണ്ടും പ്രതികളാണ് വായ്പരേഖകൾ പരിശോധിച്ചത്. ബാങ്ക് ഡയറക്ടർമാരും പ്രതികളും അഴിമതിനിരോധന നിയമത്തിന്റെ പരിധിയിൽവരും. പ്രതികൾ പദവി ദുരുപയോഗം ചെയ്ത് ബാങ്കിന് നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഹർജിക്കാരൻ സത്യസന്ധനല്ല. ഉത്തമവിശ്വാസത്തോടെയല്ല കോടതിയെ സമീപിച്ചിട്ടുള്ളത്. ബാങ്കിൽ തിരിമറി നടത്തിയതിന് പുറത്താക്കിയയാളാണ്. ഒന്നരലക്ഷം രൂപയുടെ തിരിമറി നടത്തിയതിനാണ് പുറത്താക്കിയത്. ജീവനക്കാരിയോട് മോശമായി പെരുമാറിയതിനും കേസുണ്ട്. കേസന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ഏജൻസിയെ മാറ്റുന്നത് പൊലീസിന്റെ മനോവീര്യം തകർക്കും. അന്വേഷണത്തിൽ വീഴ്ചയുണ്ടെങ്കിൽ ഹർജിക്കാരന് അപ്പോൾ കോടതിയെ സമീപിക്കാമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.