തിരുവനന്തപുരം
എ ആർ നഗർ സഹകരണ ബാങ്കിനെതിരായ ആക്ഷേപത്തിൽ, അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പ് ബാങ്കിൽ പരിശോധന നടത്തി. അന്ന് ആവശ്യപ്പെട്ട സഹായങ്ങൾ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ നൽകി. പരാതി അന്വേഷിക്കാൻ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്കിടയിലാണ് ആരോപണം ഉയർന്നത്. തുടർന്ന് ലഭിച്ച പരാതിയും വകുപ്പിന്റെ അന്വേഷണത്തിലാണെന്നും മാധ്യമ പ്രവർത്തകർക്ക് മന്ത്രി മറുപടി നൽകി.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചല്ല സർക്കാർ പ്രവർത്തിക്കുന്നതെന്ന് ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു. വിഷയങ്ങളുടെ ശരിതെറ്റുകൾ നോക്കിയാകും സർക്കാർ നിലപാട്. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ എന്തെങ്കിലും അസ്വഭാവികതയുണ്ടായാൽ സഹകരണ വകുപ്പ് അന്വേഷിക്കും. കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ ഇടക്കാല റിപ്പോർട്ടിലും ശക്തമായ നടപടികളാണ് എടുക്കുന്നത്. പൊലീസ് അന്വേഷണവും പുരോഗമിക്കുന്നു. എ ആർ നഗർ ബാങ്കിലെ ക്രമക്കേടുകളിലും ശക്തമായ അന്വേഷണം നടക്കും. പത്തുവർഷത്തെ പ്രവർത്തനത്തിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. ഇത് പരിശോധിക്കാൻ അൽപ്പം സാവകാശം വേണ്ടിവരും. ഇത്രയുംവർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ, ബാലൻസ് ഷീറ്റുകൾ, മറ്റ് രേഖകളൊക്കെ പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.















