തിരുവനന്തപുരം
നൂറുദിന കർമപരിപാടിയുടെ ഭാഗമായി 13,500 പട്ടയം വിതരണംചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. പട്ടയമേളയുടെ സംസ്ഥാന ഉദ്ഘാടനം 14ന് തൃശൂർ ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. 14 ജില്ലാ കേന്ദ്രത്തിലും 77 താലൂക്ക് കേന്ദ്രത്തിലും പട്ടയമേള നടക്കും. ഉദ്ഘാടനശേഷം വില്ലേജ് ഓഫീസുകൾ വഴി കോവിഡ് മാനദണ്ഡം പാലിച്ച് പട്ടയം വിതരണംചെയ്യും.
യുണീക് തണ്ടപ്പേർ പദ്ധതിക്ക് കേന്ദ്രാനുമതി
എല്ലാ ഭൂ ഉടമകൾക്കും ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന് ഇത്തരം അനുമതി ലഭിക്കുന്നത്. ഇതോടെ ഒരാൾക്ക് സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റത്തണ്ടപ്പേരിലാകും. എല്ലാ ഭൂ ഉടമകളുടെയും തണ്ടപ്പേർ വിവരം ആധാറുമായി ലിങ്ക് ചെയ്ത് 12 അക്ക തിരിച്ചറിയൽ നമ്പർ നൽകും. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ക്രമക്കേടും ബിനാമി ഇടപാടുകളും തടയാനാകും. അധിക ഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകാനും ക്ഷേമ പദ്ധതികളിലെ അനർഹരെ കണ്ടെത്താനും സഹായിക്കും. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതി യുണീക് തണ്ടപ്പേരിന് ഒരു വർഷംമുമ്പ് തീരുമാനമെടുത്തിരുന്നെങ്കിലും കേന്ദ്രാനുമതി വൈകിയതിനാൽ നീണ്ടു. പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.