തിരുവനന്തപുരം
ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിലൂടെ മുസ്ലിംലീഗിന്റെ സ്ത്രീവിരുദ്ധത മറനീക്കി പുറത്തുവന്നെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. പരാതി പറയാൻ പോലുമുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ലീഗ് കൊടുക്കുന്നില്ലെന്നത് ആധുനിക സമൂഹത്തിന് അംഗീകരിക്കാനാകില്ല. സമൂഹത്തിൽ വലിയ തോതിൽ ലിംഗരാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമ്പോൾ ഒരു രാഷ്ട്രീയ പാർടി ഇത്രയേറെ സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നത് അപമാനമാണ്. ഒരു സംഘടനയുടെ ജനാധിപത്യംപോലും ലീഗ് അംഗീകരിക്കുന്നില്ല.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കാൻ മുസ്ലിംലീഗിന് എന്ത് അവകാശമാണ് ഉള്ളത്. ഹരിത പിരിച്ചുവിട്ടത് ലീഗിന്റെ ആഭ്യന്തരകാര്യമായി കാണേണ്ടതല്ല. കേരളത്തിൽ ചർച്ച ചെയ്യപ്പെടണം. മുസ്ലിംലീഗ് നേതാക്കൾ മറുപടി പറയണമെന്നും -റഹീം ആവശ്യപ്പെട്ടു.