കോഴിക്കോട്
നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ സമ്പർക്കപ്പട്ടികയിലുള്ള 16 പേരുടെ പരിശോധനാ ഫലംകൂടി നെഗറ്റീവ്. പുണെ വൈറോളജി ലാബിലേക്കയച്ച അഞ്ചും കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ പരിശോധിച്ച പതിനൊന്നുപേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ പുണെയിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമായി പരിശോധിച്ച 46 പേരും നെഗറ്റീവായി. 15 പേരുടെ ഫലം വ്യാഴം പുലർച്ചെ അറിയാം. നെഗറ്റീവായവർക്ക് മറ്റ് അസുഖ ലക്ഷണങ്ങളില്ലെങ്കിൽ മൂന്നുദിവസം കഴിഞ്ഞ് മടങ്ങാം. വീടുകളിലും നിരീക്ഷണത്തിൽ തുടരണം.
ആശുപത്രികളിലെ സഞ്ചാരവഴി പുറത്തുവിട്ടശേഷം തയ്യാറാക്കിയ സമ്പർക്കപ്പട്ടികയിൽ 265 പേരാണുള്ളത്. 62 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 12 പേർക്ക് ലക്ഷണമുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. മറ്റു ജില്ലകളിലെ 47 പേർ നിരീക്ഷണത്തിലുണ്ട്. നിപാ റിപ്പോർട്ട്ചെയ്ത പ്രദേശങ്ങളിലെ 4995 വീടുകളിൽ ആരോഗ്യ പ്രവർത്തകരെത്തി. 27,536 പേരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇവിടെ സംശയ സാഹചര്യങ്ങളോ അസ്വാഭാവിക മരണങ്ങളോ ഉണ്ടായിട്ടില്ല.
നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതി അറിയാനും മറ്റും നേരിട്ടും ദിവസം മൂന്നുതവണ ടെലിഫോണിലൂടെയും ആരോഗ്യപ്രവർത്തകർ ബന്ധപ്പെടുന്നു. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ ഭക്ഷ്യക്കിറ്റും വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണവും എത്തിക്കാനും 25 വീടിന് ഒരാളെന്ന നിലയിൽ പരിശീലനം ലഭിച്ച വളന്റിയർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംശയം കാട്ടുപന്നിയിലേക്കും
നിപാ വൈറസിന്റെ പ്രഭവകേന്ദ്ര അന്വേഷണം കാട്ടുപന്നികളിലേക്കും. പഴംതീനി വവ്വാലുകൾക്കുപുറമെ പന്നികളും വൈറസ് വാഹകരെന്നാണ് സംശയം. മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീടിനടുത്ത് കാട്ടുപന്നി സാന്നിധ്യം വ്യാപകമാണ്. ആദ്യമായി നിപാ രോഗം പൊട്ടിപ്പുറപ്പെട്ട മലേഷ്യയിൽ വൈറസ് വാഹകരായത് പന്നികളാണെന്നതും സംശയം വർധിപ്പിക്കുന്നു.
വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ മനുഷ്യരിലേക്ക് നിപാ പകരാൻ സാധ്യതയുണ്ട്. കാട്ടുപന്നികൾ തേറ്റ ഉപയോഗിച്ച് മണ്ണുതുരന്ന് കായ്കൾ, വിത്തുകൾ, മണ്ണിര, ചെറിയ ഇഴജന്തുക്കൾ എന്നിവയെല്ലാം ഭക്ഷിക്കുന്നുണ്ട്. ഇതുവഴി വവ്വാലുകളിൽനിന്ന് കാട്ടുപന്നികളിലേക്ക് വൈറസ് ബാധയുണ്ടാവാനിടയുണ്ട്. ചാത്തമംഗലം പാഴൂരിൽ സമീപകാലത്ത് കാട്ടുപന്നികൾ ചത്തൊടുങ്ങിയ സംഭവമുണ്ടായോയെന്ന് മൃഗസംരക്ഷണവകുപ്പും വനംവകുപ്പും അന്വേഷിക്കുന്നു.
പന്നികളെകൊന്ന് പ്രതിരോധിച്ച് മലേഷ്യ
1997ൽ മലേഷ്യയിൽ വരൾച്ചയിൽ ആവാസവ്യവസ്ഥതകർന്ന് മൃഗങ്ങളും പക്ഷികളും ജനവാസ കേന്ദ്രങ്ങളിലേക്കെത്തി. മലേഷ്യൻ നരിച്ചീറുകൾ കൃഷിയിടങ്ങളിൽ ഭക്ഷണം തേടിയെത്തി. അതിനിടെ അജ്ഞാതരോഗം കാരണം ഫാമുകളിലെ പന്നികൾ കൂട്ടമായി ചത്തൊടുങ്ങി. മുമ്പില്ലാത്ത രോഗം ബാധിച്ച് മനുഷ്യരും മരിക്കാനിടയായി.
ഇരുനൂറിലേറെ പേർക്കാണ് അന്ന് രോഗം ബാധിച്ചത്. നൂറിലധികംപേർ മരിച്ചു. രോഗിയുടെ സ്രവപരിശോധനയിലാണ് അസുഖകാരിയായ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. മലേഷ്യയിലെ കമ്പുങ് ബാരു സുങ്കൈ നിപാ എന്ന സ്ഥലത്തുനിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത്. രോഗകേന്ദ്രമായ പന്നികളെ കൊന്നൊടുക്കുകയായിരുന്നു പ്രതിരോധിക്കാൻ സ്വീകരിച്ച മാർഗം.















