കാസർകോട്: ഫാക്കൽട്ടി അംഗങ്ങൾക്ക് പെരുമാറ്റച്ചട്ടവുമായി കേരള കേന്ദ്ര സർവകലാശാല. പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പരാമർശങ്ങൾ നടത്തരുതെന്നാണ് നിർദേശം. കഴിഞ്ഞ ഏപ്രിലിൽ ഓൺലൈൻ ക്ലാസിനിടയിൽ ഒരു അധ്യാപകൻ കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെയും ആർഎസ്എസിനെയും വിമർശിച്ച സംഭവത്തെ തുടർന്നാണ് സർവകലാശാല ഉന്നതാധികാര സമിതി പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്.
ആദ്യ സെമസ്റ്റർ എം.എ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിനിടെ ഏപ്രിൽ 19ന് ആണ്അസിസ്റ്റന്റ് പ്രൊഫസറായ ഗിൽബർട്ട് സെബാസ്റ്റ്യൻ കേന്ദ്രത്തെ വിമർശിച്ചത്. ആർഎസ്എസിനെ ഫാസിസ്റ്റ് സംഘടന എന്ന് വിശേഷിപ്പിക്കുകയും കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് സർവകലാശാലഇപ്പോൾ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്.
കേന്ദ്ര സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ദേശവിരുദ്ധവും പ്രകോപനപരവുമായ പ്രസ്താവനകളോ പ്രഭാഷണങ്ങളോ അധ്യാപകരുടെയോ ഫാക്കൽട്ടി അംഗങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് നിർദേശത്തിൽ പറയുന്നു.
നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശനമായ നടപടിയെടുക്കുമെന്നും കേന്ദ്ര സർവകലാശാല വ്യക്തമാക്കുന്നു. സർവകലാശാല വൈസ് ചാൻസിലറുടെ അനുമതിയോടുകൂടിയാണ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്.
Content Highlights:Central University Code of Conduct prohibits anti-national statements