കറാച്ചി
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ മിസ്ബാ ഉൾ ഹഖും ബൗളിങ് കോച്ച് വഖാർ യൂനിസും സ്ഥാനമൊഴിഞ്ഞു. 2019ൽ സ്ഥാനമേറ്റ ഇരുവർക്കും ഒരുവർഷംകൂടി കരാർ ബാക്കിയുണ്ട്. പാകിസ്ഥാന്റെ ന്യൂസിലൻഡ് പരമ്പരയ്ക്കുമുന്നേയാണ് മുൻ ക്യാപ്റ്റൻമാർകൂടിയായ പരിശീലകരുടെ രാജി. മുൻ കളിക്കാരായ സഖ്-ലെയ്ൻ മുഷ്താഖിനെയും അബ്ദുൽ റസാഖിനെയും കരുതൽ പരിശീലകരായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ കുടുംബത്തോടോപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് രാജിയെന്ന് മിസ്ബാ അറിയിച്ചു. ഒന്നിച്ചുതുടങ്ങിയ യാത്രയിൽ ഒരാൾമാത്രം ബാക്കിനിൽക്കുന്നത് ഉചിതമല്ലെന്നായിരുന്നു വഖാറിന്റെ പ്രതികരണം. സെപ്തംബർ 17ന് റാവൽപിണ്ടിയിലാണ് പാക്–ന്യൂസിലൻഡ് ഒന്നാം ഏകദിനം.