ദി ഓവൽ
നിങ്ങൾ അയാളെക്കുറിച്ച് മനസ്സിലാക്കുമ്പോഴേക്കും അയാൾ നിങ്ങളെ തീർത്തിട്ടുണ്ടാകും– ജസ്-പ്രീത് ബുമ്രയുടെ ബൗളിങ്ങിനെക്കുറിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വസിം ജാഫർ പറഞ്ഞതാണിത്. ഓവലിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലീഷ് താരങ്ങൾ അത് അനുഭവിച്ചറിഞ്ഞു. അഞ്ചാംദിനം ഉച്ചഭക്ഷണത്തിനുശേഷം ബുമ്ര എറിഞ്ഞ ആറ് ഓവറുകൾ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ കാഴ്ചയായിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ചിതറിച്ചു ആ ഓവറുകൾ.
6–3–6–2 എന്നിങ്ങനെയായിരുന്നു ബുമ്രയുടെ മനോഹര സ്-പെൽ അവസാനിച്ചത്. ഓവലിലെ ബാറ്റിങ് ട്രാക്കിൽ ഒരു പേസ് നിരയ്ക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. എന്നാൽ, റിവേഴ്സ് സിങ് എന്ന ആയുധംകൊണ്ട് ബുമ്ര അത്ഭുതംകാട്ടി. ഒല്ലീപോപ്പിന്റെയും ജോണി ബെയർസ്റ്റോയുടെയും കാലിനും ബാറ്റിനും ഇടയിലൂടെ പന്ത് മൂളിപ്പറന്നപ്പോൾ അമ്പരപ്പായിരുന്നു അവരുടെ മുഖത്ത്. സ്റ്റമ്പ് തകർന്നത് അവിശ്വസനീയതയോടെ നോക്കിനിന്നു. ജോ റൂട്ട് നേരിയ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. രണ്ടുതവണ ബാറ്റിന്റെ അടിവശം തകർന്നുപോയി.
പോപ്പ് ഇംഗ്ലീഷ് നിരയിലെ വിശ്വസ്തനായ ബാറ്റ്സ്മാനാണ്. കളിജീവിതത്തിൽ ബുമ്രയുടെ 104 പന്തുകൾ നേരിട്ടുണ്ട്. ബുമ്രയുടെ പന്തിന്റെ ഗതികൾ മനസ്സിലാക്കിയ ബാറ്റ്സ്മാൻ. പക്ഷേ, ആ ഓവറിന്റെ അഞ്ചാം പന്ത് ഫുൾലെങ്തിലായിരുന്നു. വളഞ്ഞ് അകത്തോട്ടുകയറുമ്പോൾ പോപ്പ് ബാറ്റ് വച്ചു. പിന്നെ കണ്ടത് വിക്കറ്റ് തകരുന്നതാണ്. അടുത്ത ഓവറിൽ ബെയർസ്റ്റോയും ഉത്തരമില്ലാതെ ബാറ്റ് താഴ്ത്തി.
0–100 എന്ന നിലയിൽനിന്ന് 5–146ലേക്കും പിന്നെ 210ലേക്കും ഇംഗ്ലണ്ട് തകർന്നുവീണു. റിവേഴ് സ്വിങ്ങിന്റെ സൂചന കിട്ടിയപ്പോൾ ബുമ്ര പന്ത് തന്നോട് ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് മത്സരശേഷം ക്യാപ്റ്റൻ വിരാട് കോഹ്-ലി പറഞ്ഞു. രണ്ട് ഇന്നിങ്സിലും ബുമ്ര രണ്ടുവീതം വിക്കറ്റ് എടുത്തു. പരമ്പരയിൽ 18 വിക്കറ്റായി. 21 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ ഒല്ലീ റോബിൻസനാണ് ഒന്നാമത്. പരമ്പരയിൽ 2–1ന് മുന്നിലാണ് ഇന്ത്യ. പത്തിന് മാഞ്ചസ്റ്ററിലാണ് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ്.