കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി വിദ്യാഭ്യാസരംഗത്തെ അസമത്വം വലിയതോതിൽ വർധിപ്പിച്ചതായി ഐക്യരാഷ്ട്ര സംഘടന. നിരവധി രാജ്യങ്ങളിൽ സാക്ഷരതാ പ്രവർത്തനങ്ങൾ നിർത്തിവച്ചു. സ്കൂളുകൾ അടച്ചതിനെത്തുടർന്ന് 91 ശതമാനം (160 കോടി) കുട്ടികളുടെയും വിദ്യാഭ്യാസം മാസങ്ങളോളം തടസ്സപ്പെട്ടു. കോവിഡ് നീളുമെന്ന് കണ്ടതോടെ പല രാജ്യങ്ങളും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് നീങ്ങി. എന്നാൽ, 70 കോടിയോളം വിദ്യാർഥികൾ അതോടെ പഠനത്തിനു പുറത്താണ്. 143 രാജ്യത്തെ 36.9 കോടി കുട്ടികൾ ഭക്ഷണത്തിന് ആശ്രയിച്ചിരുന്നത് സ്കൂളുകളെയാണ്. സ്കൂൾ തുറക്കാത്തത് കുട്ടികളിൽ പട്ടിണിയും പോഷകാഹാരക്കുറവും വർധിപ്പിച്ചു. വരുംവർഷങ്ങളിൽ ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് യുഎന്നിന്റെ വിലയിരുത്തൽ.
മുമ്പൊരിക്കലും ഇത്രയധികം കുട്ടികൾക്ക് സ്കൂളിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നിട്ടില്ല. ഇത് ഏറ്റവും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗത്തിന്റെ പഠനവും ജീവിതവും പ്രതിസന്ധിയിലാക്കും. ലോകത്തെ 45 ശതമാനം പ്രൈമറി സ്കൂളുകളിൽ കൈ കഴുകാൻപോലും സംവിധാനമില്ല.
കോവിഡിനുമുമ്പുതന്നെ 61.7 കോടി കുട്ടികൾക്കും കൗമാരക്കാർക്കും അടിസ്ഥാന വിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല. പകുതിയോളം കുട്ടികൾക്കും കൗമാരക്കാർക്കും വായന, ഗണിതം എന്നിവയിൽ പ്രാഥമിക പ്രാവീണ്യംപോലും നേടാനായിട്ടില്ല. പ്രായപൂർത്തിയായവരിൽ 77.3 കോടി നിരക്ഷരരുണ്ട്. ഇതിൽ മൂന്നിൽ രണ്ടും സ്ത്രീകളാണ്. പല വികസ്വര രാജ്യങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസത്തിൽപ്പോലും ലിംഗസമത്വം കൈവരിക്കാനായിട്ടില്ല.
40 ലക്ഷം അഭയാർഥി കുട്ടികളും പ്രാഥമിക വിദ്യാഭ്യസത്തിന് പുറത്താണ്. കോവിഡ് അവസാനിച്ചാലും 2030ൽ സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികളുടെ എണ്ണം 20 കോടിയാകുമെന്നാണ് യുഎൻ വിലയിരുത്തൽ.
വർധിച്ച് ഡിജിറ്റൽ അസമത്വം
ഓൺലൈനായ വിദ്യാഭ്യാസം ലോകത്ത് ഡിജിറ്റൽ അസമത്വം വർധിപ്പിച്ചു. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയന്റെ കണക്ക് പ്രകാരം ലോക ജനസംഖ്യയുടെ പകുതിയോളം പേർക്കും (370 കോടി) ഇന്റർനെറ്റ് സൗകര്യമില്ല. അവികസിത രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും മോശം. ഗ്രാമ–- നഗര വ്യത്യാസങ്ങളും ലിംഗപരമായ വേർതിരിവുകളുമുണ്ട്.
സഹാറമേഖലയിലെ രാജ്യങ്ങളിൽ 93.3 ശതമാനം വീട്ടിലും കംപ്യൂട്ടറില്ല. ബുർക്കിന ഫാസോയിൽ 88 ശതമാനം വീട്ടിലും വൈദ്യുതിയില്ല. സാർവത്രിക വിദ്യാഭ്യാസത്തിൽ നേടിയ നേട്ടങ്ങളെ ഓൺലൈൻ വിദ്യാഭ്യാസം അപകടത്തിലാക്കും. കോവിഡിന്റെ ദൂരവ്യാപകമായ പ്രത്യാഘാതത്തിൽ ഒന്നായിരിക്കും ഇതെന്നാണ് യുഎൻ വിലയിരുത്തൽ. ‘ഡിജിറ്റൽ അസമത്വത്തിൽനിന്ന് സാക്ഷരതയുടെ മനുഷ്യ കേന്ദ്രീകൃത വീണ്ടെടുക്കൽ’ എന്നതാണ് ഈ വർഷത്തെ ലോക സാക്ഷരതാ ദിനത്തിന്റെ സന്ദേശം.