സാവോപോളോ
ശസ്ത്രക്രിയക്ക് വിധേയനായെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും അറിയിച്ച് ഫുട്ബോൾ ഇതിഹാസം പെലെ. ഏഴ് ദിവസമായി ആശുപത്രിയിൽ ചികിത്സയിലാണ് ബ്രസീലുകാരൻ. വൻകുടലിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായും ഇപ്പോൾ സുഖംതോന്നുന്നുവെന്നും പെലെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ‘എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് ഡോക്ടർമാരോട്. ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ട്യൂമറായിരുന്നു. ഒട്ടേറേ മഹത്തായ വിജയങ്ങൾ നിങ്ങളോടോപ്പം ആഘോഷിക്കാൻ എനിക്ക് സാധിച്ചു. ഈ പോരാട്ടത്തെയും പതിവുപോലെ ചെറുപുഞ്ചിരിയോടെ നേരിടും. കുടുംബത്തിന്റെയും കൂട്ടുകാരുടെയും സ്നേഹത്തിനും കരുതലുകൾക്കുമിടയിൽ ജീവിക്കുന്നത് പ്രതീക്ഷയും ആനന്ദവും നൽകുന്നു’–പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞദിവസമാണ് പെലെ ആശുപത്രിയിലാണെന്ന വിവരം മാനേജർ ഹൊയെ ഫ്രാഗ അറിയിച്ചത്. വയറിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സാവോപോളോയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പരിശോധനകളിൽ വലതു വൻകുടലിൽ മുഴ കണ്ടെത്തി. ഇതാണ് നീക്കം ചെയ്തത്. നേരത്തേ ശരീരം തളർന്നെന്ന വാർത്തകൾ പെലെ നിഷേധിച്ചിരുന്നു. രണ്ട് വർഷമായി എൺപതുകാരൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. മൂത്രാശയരോഗങ്ങളാണ് കൂടുതൽ അലട്ടുന്നത്. പെലെയ്ക്ക് വീടുവിട്ട് പുറത്തിറങ്ങാനാകില്ലെന്നും സഹായമില്ലാതെ നടക്കാനാകുന്നില്ലെന്നും കഴിഞ്ഞവർഷം മകൻ എഡിന്യോ അറിയിച്ചിരുന്നു.