കൊച്ചി
ഉന്നതവിദ്യാഭ്യാസരംഗത്തെ സാമ്പ്രദായിക പരീക്ഷാരീതികൾ, ചട്ടങ്ങൾ, നിയമങ്ങൾ എന്നിവ സമീപഭാവിയിൽ പരിഷ്കരിക്കാൻ ആലോചിക്കുന്നുണ്ടെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജ്, പുതുപ്പള്ളി അപ്ലൈയ്ഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ അക്കാദമിക് ബ്ലോക്കുകളുടെയും പൂഞ്ഞാർ പോളിടെക്നിക് കോളേജ് മന്ദിരത്തിന്റെയും ഉദ്ഘാടനം തൃക്കാക്കരയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ നവ വൈജ്ഞാനികസമൂഹമാക്കി മാറ്റുകയെന്ന ഉത്തരവാദിത്വമാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. എല്ലാ ജനങ്ങൾക്കും മെച്ചപ്പെട്ട ജീവിത അവസരങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തെ മുഴുവൻ സ്ഥാപനങ്ങളുടെയും അടിസ്ഥാനസൗകര്യ വികസനം സർക്കാർ ഉറപ്പാക്കും. ഓരോ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തോടും ചേർന്ന് ചെറുകിട ഉൽപ്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. മോഡൽ എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ നിർമിച്ച റോബോട്ട് നിയന്ത്രിത ട്രോളികൾ മന്ത്രി എറണാകുളം ജനറൽ ആശുപത്രി അധികൃതർക്ക് കൈമാറി.
തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജിൽ നടന്ന ചടങ്ങിൽ പി ടി തോമസ് എംഎൽഎ ഓൺലൈനിൽ അധ്യക്ഷനായി. ഐഎച്ച്ആർഡി ഡയറക്ടർ പി സുരേഷ് കുമാർ, വാർഡ് കൗൺസിലർ ഇ പി കാദർകുഞ്ഞ്, പി ഇന്ദു, യു പി ഷൈൻ, പ്രിൻസിപ്പൽ വിനു തോമസ്, വിദ്യാർഥി പ്രതിനിധി ഹുസ്ന ഫാത്തിമ എന്നിവർ സംസാരിച്ചു.