കാബൂൾ
രാജ്യം വിടാൻ ആഗ്രഹിക്കുന്ന, യാത്രാ രേഖകൾ ഉള്ളവരെ തടയില്ലെന്ന് താലിബാൻ. മസാരെ ഷരീഫിൽനിന്ന് അമേരിക്കൻ വിമാനത്തിൽ രാജ്യം വിടാനെത്തിയവരെ താലിബാൻ തടഞ്ഞിരുന്നു. ഇവരെ താലിബാൻ ബന്ദിയാക്കിയെന്ന് ആരോപിച്ച് അമേരിക്കൻ കോൺഗ്രസ് അംഗങ്ങളും രംഗത്തെത്തിയിരുന്നു. ഇവരിൽ എത്രപേർക്കാണ് രേഖകൾ ഇല്ലാത്തതെന്ന് താലിബാൻ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ബഗ്രം വിമാനത്താവളം താലിബാൻ തങ്ങൾക്ക് കൈമാറുന്നു എന്ന പ്രചാരണം വ്യാജവാർത്തയാണെന്ന് ചൈന പ്രതികരിച്ചു. അമേരിക്കയുടെ മുൻ യുഎൻ സ്ഥാനപതി നിക്കി ഹേലി ഉൾപ്പെടെയുള്ളവരാണ് ആരോപണം ഉയർത്തിയത്. ഇന്ത്യ സന്ദർശിക്കുന്ന റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളേ പാട്രുഷെവ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അഫ്ഗാൻ വിഷയം ചർച്ച ചെയ്തു.