കൊച്ചി
സപ്തതിക്ക് മെഗാതാരം മമ്മൂട്ടി ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ആരാധകർക്ക് അത് സൂപ്പർഹിറ്റ് മമ്മൂട്ടിച്ചിത്രം പോലെയായിരുന്നു. അമ്പതാണ്ടിനിടെ മമ്മൂട്ടി അണിഞ്ഞ വേഷങ്ങൾപോലെ വ്യത്യസ്തമായിരുന്നു ആഘോഷങ്ങളോരോന്നും. താരത്തിന്റെ അഭിനയത്തികവും ഉടയാത്ത ആകാരവടിവുംപോലെ പ്രൗഢം.
കൂറ്റൻ ഗ്രാഫിറ്റിയും രംഗോലിയുംമുതൽ സ്റ്റോൺ ആർട്ടും ഫ്രൂട്ട് കാർവിങ്ങുംവരെ ഒരുക്കിയും ആരാധകലക്ഷങ്ങൾ പ്രിയതാരത്തിന് ആശംസ നേർന്നു. കൊച്ചിയിൽ മമ്മൂട്ടിയുടെ വീടിനുമുന്നിൽ രാപകൽ നീണ്ട ആഘോഷവും ആരാധകർ സംഘടിപ്പിച്ചു. തിങ്കൾ അർധരാത്രിയോടെ വീടിനുമുന്നിലെത്തിയ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ കേക്ക് മുറിച്ചും ഭക്ഷണപ്പൊതി വിതരണംചെയ്തും ആഘോഷിച്ചു. തെരുവിൽ കഴിയുന്നവർക്കായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായും പ്രവർത്തകർ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആരാധകർ ചൊവ്വ പകൽമുഴുവൻ മധുരപലഹാരവിതരണവും നടത്തി.
‘അഭിനയ കുലപതിക്ക് ജന്മദിനാശംസകൾ’ എന്ന തലക്കെട്ടോടെ കൊച്ചി മെട്രോയുടെ ഫെയ്സ്ബുക് പേജിലും മമ്മൂട്ടിയുടെ ചിത്രത്തോടെയുള്ള പോസ്റ്റർ ഉൾപ്പെടുത്തി. മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളുടെ പേരെഴുതി അദ്ദേഹത്തിന്റെ ഛായാചിത്രമാക്കിയായിരുന്നു കണ്ണൂർകാരി സനയുടെ ആശംസ. ആപ്പിളിലും തണ്ണിമത്തനിലും മമ്മൂട്ടിയെ കോറിയിട്ടു, ഒരുകൂട്ടം ഫ്രൂട്ട് കാർവിങ് കലാകാരന്മാർ.
മമ്മൂട്ടിയുടെ 50 അഭിനയവർഷങ്ങൾ ആഘോഷിച്ച് എണ്ണമറ്റ മാഷപ്പ് വീഡിയോകളും പോസ്റ്ററുമായിരുന്നു സമൂഹമാധ്യമങ്ങളിലാകെ. താരത്തിന് സപ്തതി ആശംസ നേർന്ന് രാജ്യത്തിനകത്തും പുറത്തുംനിന്ന് പലരും സ്ക്രീനിലെത്തി. യുഎഇയിൽനിന്നുള്ള ഒരു ആരാധകന്റെ വീഡിയോയിൽ, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കാണിച്ച് വിവിധ രാജ്യങ്ങളിൽനിന്നുള്ള യുവതീയുവാക്കളോട് പ്രായം പ്രവചിക്കാൻ ആവശ്യപ്പെടുന്നു. 32 മുതൽ പരമാവധി 50 വയസ്സുവരെയാണ് അവർ പ്രവചിച്ചത്.
അടിമാലി കല്ലാറിലുള്ള സ്വന്തം റിസോർട്ടിൽ 70–-ാം പിറന്നാൾ ആഘോഷിക്കാനെത്തിയ മമ്മൂട്ടി മകൻ ദുൽഖർ സൽമാനൊപ്പം
കുടുംബത്തോടൊപ്പം കല്ലാറിൽ
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി എഴുപതാം ജന്മദിനം ആഘോഷിച്ചത് അടിമാലി കല്ലാറിൽ. മൂന്നാറിലേക്കുള്ള വഴിമധ്യേ കല്ലാറിലുള്ള സ്വന്തം റിസോർട്ടിലാണ് തിങ്കളാഴ്ച വൈകിട്ടോടെ മമ്മൂട്ടിയും കുടുംബവും ആഘോഷത്തിന് എത്തിയത്. ഭാര്യ സുൽഫത്ത്, മകനും താരവുമായ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സുൽഫിയ, കൊച്ചുമകൾ മറിയം എന്നിവർക്കൊപ്പമാണ് പിറന്നാൾ സദ്യ കഴിച്ചത്.
കനത്ത മഴയെപ്പോലും അവഗണിച്ച് നിരവധി ആരാധകർ മമ്മൂട്ടിയെ കാണാൻ ഗേറ്റിനുപുറത്ത് കാത്തുനിന്നു. താരം മൂന്നാറിൽ ഉണ്ടെന്നറിഞ്ഞ് കേക്കുമായി എത്തിയവർ ഗേറ്റിന് പുറത്തുവച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. പുറത്തുകാത്തുനിന്ന മാധ്യമപ്രവർത്തകർക്കും പിറന്നാൾ മധുരം ലഭിച്ചു. വൈകിട്ടോടെ മമ്മൂട്ടി എറണാകുളത്തേക്ക് മടങ്ങി.
ആശംസയുമായി മുഖ്യമന്ത്രി
എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജന്മദിനാശംസ നേർന്നു. ഫോണിൽ വിളിച്ചാണ് ആശംസ അറിയിച്ചത്. മലയാള സിനിമയെ ദേശാതിർത്തികൾക്കപ്പുറം പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു. താരമായല്ല, അഭിനേതാവ് എന്നനിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് മമ്മൂട്ടി.
ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നിൽക്കുന്ന ഉയരത്തിൽ എത്താൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ആത്മാർഥതയും അധ്വാനവും കൈമുതലാക്കി മുന്നോട്ടുപോകുകയെന്ന മാതൃകയാണ് വളർന്നുവരുന്ന കലാകാരന്മാർക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തന്റെ കലാജീവിതം പുതുപരീക്ഷണങ്ങളാൽ മുന്നോട്ടുകൊണ്ടുപോകാനും മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂർവം എല്ലാ ഭാവുകവും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നന്ദിപറഞ്ഞ് മഹാനടൻ
എഴുപതാം ജന്മദിനത്തിന് ആശംസ നേർന്ന എല്ലാവര്ക്കും നന്ദി അറിയിച്ച് നടന് മമ്മൂട്ടിയുടെ ഫെയ്സ്ബുക് കുറിപ്പ്. ‘വ്യക്തിപരമായി അറിയാവുന്നവരും നേരില് കാണാത്തവരും ഒരേപോലെ സ്നേഹം അറിയിച്ചു. ഇതെല്ലാം ആശ്ചര്യപ്പെടുത്തുന്നു’–- മമ്മൂട്ടി കുറിച്ചു. ‘മുഖ്യമന്ത്രി, നിരവധി നേതാക്കള്, അമിതാഭ് ബച്ചന്, മോഹന്ലാല്, കമല്ഹാസന്, രാജ്യമെമ്പാടുമുള്ള സിനിമാപ്രവര്ത്തകര്, മാധ്യമപ്രവര്ത്തകര്, പ്രസിദ്ധീകരണങ്ങള്, പ്രേക്ഷകര്, സിനിമാപ്രേമികള് തുടങ്ങിയവര് സ്നേഹം അറിയിച്ചു. അവരുടേതായ രീതിയില് ജന്മദിനം ആഘോഷമാക്കി. ഇതെല്ലാമാണ് എന്നെ ഏറ്റവുമധികം സ്പര്ശിച്ചത്.
ജന്മദിനങ്ങള് വലിയ ആഘോഷമാക്കാന് താല്പ്പര്യമുള്ള വ്യക്തിയല്ല ഞാന്. വ്യക്തിപരമായി അറിയാവുന്നവരും അല്ലാത്തവരും അവരുടെ കുടുംബത്തിലൊരാളായി എന്നെ കാണുന്നു. അവര് ഈ ദിവസം പ്രത്യേകതയുള്ളതാക്കി മാറ്റി. ഇപ്പോഴാണ് ഞാന് ശരിക്കും അനുഗൃഹീതനായി തോന്നുന്നത്. എന്റെ ആത്മാര്ഥമായ നന്ദി പങ്കുവയ്ക്കുന്നു. എനിക്ക് ലഭിച്ച എല്ലാ സ്നേഹവും പതിന്മടങ്ങായി തിരികെ തരുന്നു. കഴിയുന്നിടത്തോളം കാലം നിങ്ങളെ രസിപ്പിക്കാനാകട്ടെയെന്ന് ആഗ്രഹിക്കുന്നു.’ എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.