തിരുവനന്തപുരം
കേരളത്തിൽ 2020ൽ കണ്ടെത്തിയത് 51 പുതിയ ജീവിവർഗത്തെ. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ‘അനിമൽ ഡിസ്കവറീസ്, ന്യൂ സ്പീഷ്യസ് ആൻഡ് ന്യൂ റെക്കോഡ്’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് ആകെ 557 ജീവികളെ കഴിഞ്ഞ വർഷം കണ്ടെത്തി. ഇതിൽ 407 എണ്ണം ജന്തുലോകത്ത് പുതുതായി കണ്ടെത്തിയവയാണ്. 150 എണ്ണം രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ്.
അഞ്ച് ഇനം പുതിയ പാമ്പുകളെ സംസ്ഥാനത്ത് കഴിഞ്ഞവർഷം കണ്ടെത്തി. വയനാട്ടിലെ ബ്രഹ്മഗിരി, തിരുനെല്ലി, കൽപ്പറ്റ എന്നിവിടങ്ങളിൽനിന്ന് ‘അഹയ്തുള്ള മലബാറിക’, അഗസ്ത്യമല, പേപ്പാറ, ചേമഞ്ചി എന്നിവിടങ്ങളിൽനിന്ന് ‘അഹയ്ത്തുള്ള ട്രാവൻകാറിക്ക’ ഇരവികുളം ദേശീയോദ്യാനത്തിൽനിന്ന് ‘സെലൊഫിക്സ് മൊസൈകസ്’ വയനാട് മാനന്തവാടിയിൽനിന്ന് ‘റൈനോഫിസ് കരിന്തണ്ടനി’, ലക്കിടിയിൽനിന്ന് ‘റൈനോഫിസ് മെലനോല്യൂകിസ്’ എന്നിവയാണവ. ഇവയൊന്നും വിഷപ്പാമ്പുകളല്ല. മൂന്ന്തരം പല്ലികൾ, തവള–-ഒന്ന്, തേരട്ട–-ഒന്ന്, വണ്ട്–-മൂന്ന്, കൊഞ്ച്–-രണ്ട്, ഞണ്ട്–രണ്ട്, ചിലന്തി –-ഒന്ന്, തേള്–-ഒന്ന്, തുമ്പി–-രണ്ട്, 30 ഇനം കടന്നൽ എന്നിങ്ങനെയാണ് പുതുതായി കണ്ടെത്തിയ മറ്റ് ജീവികൾ.
കർണാടകത്തിലാണ് ഏറ്റവുമധികം ജീവികളെ പുതുതായി കണ്ടെത്തിയത്. 66 എണ്ണം. രാജ്യത്തെ ആകെ ജന്തുവൈവിധ്യം ഇതോടെ 1,02,718 ആയി. കഴിഞ്ഞ പത്തുവർഷത്തിനിടെ 4112 ജീവികളെയാണ് രാജ്യത്ത് കണ്ടെത്തിയത്. ഇതിൽ 2800 എണ്ണം ആദ്യമായി കണ്ടെത്തിയവയാണ്.
വംശനാശം വരുന്നതിന് മുമ്പ് തന്നെ ഭൂമിയിലുള്ള ജീവികളെ കണ്ടെത്തേണ്ടതുണ്ടെന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ മുതിർന്ന ശാസ്ത്രജ്ഞൻ പി എം സുരേഷ് പറഞ്ഞു. മനുഷ്യന് ഉപകാരമാവിധം ജീവികളെ ഉപയോഗപ്പെടുത്തണമെങ്കിൽ ഇത് ആവശ്യമാണ്. 2010 ൽ 28 ജീവികളെയാണ് രാജ്യത്ത് കണ്ടെത്തിയതെങ്കിൽ സാങ്കേതിക വിദ്യയുടെ വികാസവും കൂടുതൽ ഗവേഷണം നടക്കുന്നതും കൂടുതൽ ജീവികളെ കണ്ടെത്താൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.