തിരുവനന്തപുരം
അക്ഷരംതൊട്ടു തുടങ്ങി അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാന സാക്ഷരതാ മിഷനൊപ്പം അറിവിന്റെ ആകാശം നേടിയത് ഒരു ലക്ഷത്തിലേറെപ്പേർ. ആദിവാസികളും അതിഥിത്തൊഴിലാളികളും ട്രാൻസ്ജെൻഡർ വിഭാഗവും ഉൾപ്പെടെ 2016 മുതൽ 2021 വരെ 1,09,659 പേരാണ് സാക്ഷരരായത്. സമ്പൂർണ സാക്ഷരതായജ്ഞത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
823 ഊരിലാണ് സാക്ഷരതാ ക്ലാസുകൾ നടന്നത്. 14,661 ആദിവാസികൾ സാക്ഷരരായി. 2000 കോളനിയിൽ പ്രത്യേക സാക്ഷരതാ പരിപാടിയുടെ ഭാഗമായി 30.755 പേർ സാക്ഷരത നേടി. പട്ടികജാതി കോളനികൾക്കായി നവചേതന പദ്ധതിയും സാക്ഷരതാ മിഷൻ ഒരുക്കി. 3188 പേർക്കാണ് പ്രയോജനം ലഭിച്ചത്.
ഇന്ത്യയിൽ ആദ്യമായി അതിഥിത്തൊഴിലാളികൾക്ക് സാക്ഷരതാപദ്ധതി നടപ്പാക്കിയത് കേരളമാണ്. ചങ്ങാതി പദ്ധതിയിലൂടെ 5451 പേർക്കാണ് അക്ഷരം നുകരാനായത്. അക്ഷരശ്രീയും അക്ഷരസാഗരവും ഉൾപ്പെടെ നിരവധി പദ്ധതിയാണ് സാക്ഷരതാ മിഷൻ ഒരുക്കിയത്. ആദിവാസി–-പട്ടികജാതി–-തീരദേശ മേഖലയിൽനിന്ന് 4053 പേരെ ഇൻസ്ട്രക്ടർമാരായി നിയമിച്ചു. വയനാട് സമ്പൂർണ ആദിവാസി സാക്ഷരതാ പദ്ധതിയിൽ മാത്രം 966 ആദിവാസി ഇൻസ്ട്രക്ടർമാരെ നിയമിച്ചു.